സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-09.08.2015

കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ്‌ വഴക്ക്‌ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നു വന്നിരിക്കുകയാണ്.

കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഗ്രൂപ്പ്‌ പോരിനെ തുടര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ എ വിഭാഗത്തിന്റെ പ്രവര്‍ത്തകനായ ചാവക്കാട്ടെ ഹനീഫ കൊല്ലപ്പെട്ടത്‌. കോണ്‍ഗ്രസിലെ ഐ വിഭാഗം ക്രിമിനലുകള്‍ വീട്ടുമുറ്റത്ത്‌ ഉമ്മയുടെ മുന്നിലിട്ടാണ്‌ ഹനീഫയെ കൊലപ്പെടുത്തിയത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഷെമീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്‌ മാത്രമല്ല ഗുണ്ടാ നിയമപ്രകാരം ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളുമാണ്‌. ക്രിമിനല്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തി സ്വന്തം പാര്‍ടിക്കാരെ പോലും കൊലപ്പെടുത്തുന്ന സംസ്‌കാരത്തിലേക്ക്‌ കോണ്‍ഗ്രസ്‌ എത്തിയിരിക്കുന്നു എന്നാണ്‌ ഈ സംഭവം അടിവരയിടുന്നത്‌. പ്രതികളെ കോണ്‍ഗ്രസുകാര്‍ തന്നെ സംരക്ഷിക്കുന്നു എന്ന പ്രശ്‌നം ഉന്നയിച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തന്നെ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുന്ന അവസ്ഥയും ഈ സംഭവത്തെ തുടര്‍ന്ന്‌ ഉണ്ടായി. മുഖ്യമന്ത്രിയുടെ ഗ്രൂപ്പും ആഭ്യന്തര മന്ത്രിയുടെ ഗ്രൂപ്പും തമ്മിലുള്ള ഏറ്റുമുട്ടലായതുകൊണ്ടാണ്‌ പോലീസ്‌ നിഷ്‌ക്രിയമായി നില്‍ക്കുന്നത്‌. ക്രിമിനല്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നടപടി എത്രത്തോളം ഗൗരവകരമായ വളര്‍ന്നിരിക്കുന്നു എന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌.

തൃശൂര്‍ ജില്ലയില്‍ മാത്രം കോണ്‍ഗ്രസിന്റെ ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്ത്‌ കൊല്ലപ്പെടുന്ന മൂന്നാമത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ്‌ ഹനീഫ. അയ്യന്തോളില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ മധു ഈച്ചരത്തും ലാലാജി കൊള്ളന്നൂരും എ, ഐ ഗ്രൂപ്പ്‌ പോരിനെ തുടര്‍ന്നാണ്‌ കൊല്ലപ്പെട്ടത്‌. സ്വന്തം പാര്‍ടിക്കാരെ പോലും ക്രിമിനലുകളെ ഉപയോഗിച്ച്‌ വധിക്കുന്ന സംസ്‌കാരത്തിലേക്ക്‌ തന്നെ കോണ്‍ഗ്രസ്‌ എത്തിയിരിക്കുന്നു എന്നാണ്‌ ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.

26 സി.പി.ഐ (എം) പ്രവര്‍ത്തകരും ഇപ്പോഴത്തെ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കൊല്ലപ്പെട്ടിട്ടുള്ളത്‌. അതില്‍ 5 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്‌ കോണ്‍ഗ്രസുകാരാണ്‌. സ്വന്തം പാര്‍ടിക്കാരേയും രാഷ്‌ട്രീയ എതിരാളികളേയും കൊലപ്പെടുത്തികൊണ്ട്‌ മുന്നോട്ട്‌ പോകുന്ന നയമാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഈ വസ്‌തുത തുറന്ന്‌ കാട്ടുന്നതിന്‌ പകരം സി.പി.ഐ (എം) നെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തി കള്ളപ്രചാരവേല നടത്തുന്നതിനാണ്‌ കോണ്‍ഗ്രസും ചില മാധ്യമങ്ങളും കേരളത്തില്‍ വര്‍ത്തമാനകാലത്ത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഹനീഫ കൊല്ലപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി കൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പോലും ചില മാധ്യമങ്ങള്‍ തയ്യാറാവാതിരുന്നത്‌.

കേരളത്തിലെ ക്രമസമാധാന രംഗം ഏറെ വഷളായിരിക്കുന്നു എന്നാണ്‌ ഇത്തരം സംഭവങ്ങള്‍ അടിവരയിടുന്നത്‌. അതിന്‌ ഭരണമുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസ്‌ തന്നെ നേതൃത്വം നല്‍കുന്നു എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. രാഷ്‌ട്രീയരംഗത്തെ ക്രിമിനല്‍ വല്‍ക്കരിക്കുന്ന കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ മുന്നോട്ട്‌ വരണം. ചാവക്കാട്ടെ ഹനീഫയെ വധിച്ച സംഭവത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാവണം.


തിരുവനന്തപുരം
09.08.2015

***