ചാവക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയായ എ.സി ഹനീഫ സ്വന്തം മാതാവിന്റേയും പിഞ്ചുകുഞ്ഞുങ്ങളുടേയും കണ്‍മുന്നില്‍വെച്ച് നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ പലത് കടന്നുപോയിരിക്കുന്നു. നാട്ടുകാരെയാകെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചും കൊലപാതകം നടത്തിയ ക്രിമിനല്‍ സംഘം ഇപ്പോഴും സുരക്ഷിതമായി കഴിയുകയാണ്. പോലീസിന്റ കൈയ്യില്‍ കിട്ടിയ മൂന്നുപേരില്‍ ഒരാള്‍ ജാമ്യം നേടി പുറത്തിറങ്ങിയതായിട്ടാണ് മനസിലാകുന്നത്.
കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കലഹത്തിന്റെ പേരില്‍ നടന്ന അതിക്രൂരമായ ഈ കൊലപാതകം കൈകാര്യം ചെയ്യുന്ന സമ്പ്രദായം നിയമവാഴ്‌ചയെ പരിഹസിക്കുന്ന വിധത്തിലായി മാറുകയാണ്.
കൊലപാതകത്തിന് ഉത്തരവാദിയെന്ന് കെ.പി.സി.സി തന്നെ കണ്ടെത്തി സംഘടനാ നടപടിക്ക് വിധേയനാക്കിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. ഈ നേതാവിനെയും സംഘത്തേയും സഹായിക്കുന്നത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിയായ സി.എന്‍. ബാലകൃഷ്‌ണനാണെന്ന് കൊല ചെയ്യപ്പെട്ട ഹനീഫയുടെ സഹോദരന്‍ ഉമ്മര്‍ പരസ്യമായി ആവലാതിപ്പെട്ടിട്ടും ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ രമേശ് ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിന് കീഴില്‍ മന്ത്രിമാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംഭ്രമജനകമായ ദൃശ്യമങ്ങളാണ് കാണേണ്ടി വരുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ കൊലയാളി സംഘങ്ങളുടെ സംരക്ഷകരായി മാറിയ അപായകരമായ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്.
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മനുഷ്യ ജീവന് വില കല്‍പിക്കാത്ത ഈ സമീപനത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മനുഷ്യസ്‌നേഹികളും മുന്നോട്ട് വരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.
അക്രമ രാഷ്‌ട്രീയത്തെപ്പറ്റി മുറവിളി കൂട്ടി നാടുനീളെ കോലഹലം സൃഷ്‌ടിക്കുന്ന മുഖ്യന്ത്രി പലവട്ടം ജില്ലയിലൂടെ കടന്നു പോയിട്ടും കൊല ചെയ്യപ്പെട്ട സ്വന്തം പാര്‍ടിക്കാരന്റെ കുടുംബത്തെ ഒന്നു സാന്ത്വനിപ്പിക്കാന്‍ പോലും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
ഹനീഫയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ ക്രിമിനലുകളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും കുറ്റകൃത്യത്തിന് പുറകിലുള്ള ഗൂഢാലോചന സംബന്ധിച്ചും അക്കാര്യങ്ങളില്‍ മന്ത്രിയായ സി.എന്‍.ബാലകൃഷ്‌ണനെ പ്രതിചേര്‍ത്ത് വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.ഐ (എം) ആവശ്യപ്പെടുന്നു.
തിരുവനന്തപുരം
12.08.2015
***