തിരുവനന്തപുരം
14.12.2012
ബാംഗ്ലൂരിലെ ജയിലില്‍ കിടക്കുന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിക്ക് ഇന്ത്യയിലെ ഏത് പൗരനും അവകാശപ്പെട്ട നീതിയും മാനുഷിക പരിഗണനയും ലഭിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടവരെ ശിക്ഷിക്കുകയും നിരപരാധിയാണെന്ന് കണ്ട് മഅദ്‌നിയെ മോചിപ്പിക്കുകയുമാണ് ചെയ്‌തത്. നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ ഒമ്പതരവര്‍ഷം മഅദ്‌നിക്ക് ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ സ്‌ഫോടനകേസില്‍ മഅദ്‌നിയെ പ്രതിയാക്കുകയും ജയിലില്‍ അടയ്‌ക്കുകയും ചെയ്‌തത്. ഭീകരവാദ തടയല്‍ നിയമപ്രകാരം മഅദ്‌നിയെ അറസ്റ്റ് ചെയ്‌തതിന് പിന്നില്‍ സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ താല്‌പര്യങ്ങളും ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. കര്‍ണ്ണാടകത്തിലാവട്ടെ തീവ്രവാദികളെന്ന് മുദ്രകുത്തി ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ജയിലില്‍ അടക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ രോഗം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മഅദ്‌നിക്ക് ജാമ്യം ലഭിക്കുന്നതിനും ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള സംവിധാനം ലഭിക്കുക എന്നത് ഒരു പൗരന് ലഭിക്കേണ്ട അവകാശത്തിന്റെ ഭാഗമാണ്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരു പ്രതി കുറ്റവാളി ആകുന്നില്ല. സര്‍ക്കാര്‍ തെറ്റായ കാഴ്‌ചപ്പാടോടെ കേസുകള്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പൗരന്‍ എന്ന നിലയില്‍ അവരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം കോടതികള്‍ക്കുണ്ട്. എന്നാല്‍ ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ല എന്ന പ്രശ്‌നവും വര്‍ത്തമാനകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. അതിന്റെ ഫലമായി കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ കിടക്കേണ്ടതിനേക്കാള്‍ ഏറെക്കാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്ന സ്ഥിതി നമ്മുടെ നാട്ടില്‍ കൂടിവരികയാണ്. ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ്.
മഅദ്‌നിയുടെ പ്രശ്‌നത്തില്‍ സി.പി.ഐ (എം) ന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ ആദ്യകാലത്ത് ഉണ്ടായ നിലപാടുകളെ മഅദ്‌നി തിരസ്‌കരിച്ചതിനെ സി.പി.ഐ (എം) സ്വാഗതം ചെയ്‌തിട്ടുണ്ട്. എന്നാല്‍ മഅദ്‌നിയോ സുഹൃത്തുക്കളോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സി.പി.ഐ (എം)നില്ല. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോവണം എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
മാനുഷികമായ പരിഗണന മഅദ്‌നിക്ക് ലഭിക്കാത്ത ഘട്ടത്തില്‍ മനുഷ്യാവകാശത്തിനുവേണ്ടി ശബ്‌ദമുയര്‍ത്താന്‍ സി.പി.ഐ (എം) തയ്യാറായിട്ടുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയെ കണ്ട് മഅദ്‌നിക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ തികച്ചും രാഷ്‌ട്രീയതാല്‍പര്യത്തോട് കൂടിയുള്ള നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിട്ടുള്ളത് എന്ന് കാണാം. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഅദ്‌നിയെ അറസ്റ്റ് ചെയ്‌തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കുകയാണ് യു.ഡി.എഫ് ചെയ്‌തത്. ജയിലില്‍ കിടക്കുന്ന മഅദ്‌നിയുടെ പിന്തുണ വാങ്ങികൊണ്ടാണ് യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ ആ നിലപാട് തിരുത്തി പൊതുധാരയിലേക്ക് വരുന്നതിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച മഅദ്‌നിയെ പഴയ തീവ്രവാദപരമായ നിലപാടുകളുടെ പേരുപറഞ്ഞ് ആക്രമിക്കുന്നതിനാണ് കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ശ്രമിച്ചത്. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടുകൂടി ഇത്തരം പ്രചാരവേലകള്‍ ശക്തിപ്പെടുത്തുകയും എല്‍.ഡി.എഫിന്റെ മതനിരപേക്ഷ നിലപാടുകളെ തന്നെ കളങ്കപ്പെടുത്തുന്നതിന് അതിനെ ഉപയോഗപ്പെടുത്താനുമാണ് ശ്രമിച്ചത്. തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച മഅദ്‌നിയെ ആക്രമിക്കുകയും അതേ അവസരത്തില്‍ കടുത്ത തീവ്രവാദ നിലപാട് സ്വീകരിക്കുന്ന എന്‍.ഡി.എഫിന്റെ പിന്തുണ നേടി മല്‍സരിക്കുകയുമാണ് യു.ഡി.എഫ് അന്ന് ചെയ്‌തത്.
മുസ്ലീംലീഗ് മഅദ്‌നിക്ക് മാനുഷിക പരിഗണന നല്‍കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. കോയമ്പത്തൂര്‍ ജയിലില്‍ മഅദ്‌നി കിടന്നിരുന്ന ഘട്ടത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മഅദ്‌നിക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് വേണ്ടി നടത്തിയ ഇടപെടല്‍ പോലെ എന്തെങ്കിലും നടത്താന്‍ എന്തുകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ലീഗ് വ്യക്തമാക്കേണ്ടത്. അതോടൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ലീഗ് ഉള്‍പ്പെടെ വലതുപക്ഷ മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തിയ പ്രചരണത്തിന്റെ പശ്ചാത്തലം കൂടി ഉപയോഗിച്ചുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോഴത്തെ കേസ് ചാര്‍ജ്ജ് ചെയ്‌തത് എന്ന് ഓര്‍ക്കേണ്ടതാണ്. മഅദ്‌നിയുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളുമായി പത്രപ്രവര്‍ത്തക എന്ന നിലയില്‍ സംസാരിച്ചതിന്റെ പേരിലാണ് ഷാഹിനയ്‌ക്കെതിരെ കേസെടുക്കുന്നതിന് കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായത്. ഇവരെ അപായപ്പെടുത്തുന്നതിന് സംഘപരിവാര്‍ നടത്തിയ പ്രവര്‍ത്തനവും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്.
മഅദ്‌നിയുടെ തെറ്റായ എല്ലാ രാഷ്‌ട്രീയ നിലപാടുകളേയും പാര്‍ടി അതാത് കാലത്ത് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരു പൗരന്‍ എന്ന നിലയില്‍ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ നേരിടാനുള്ള ഉത്തരവാദിത്തം മഅദ്‌നിക്കുണ്ട്. അതേ അവസരത്തില്‍ രോഗിയും അവശനുമായ മഅദ്‌നിക്ക് മാനുഷിക പരിഗണന നല്‍കിക്കൊണ്ടാവണം ഇത്തരം നടപടികള്‍ എന്ന കാര്യത്തില്‍ സി.പി.ഐ (എം) ഉറച്ച് നില്‍ക്കുന്നു.
ഭീകരവാദം തടയല്‍ നിയമം പൗരന്മാരുടെ ജനാധിപത്യ അവകാശം നിഷേധിക്കുന്നതും ഭരണകൂടത്തിന് ഇഷ്‌ടമില്ലാത്തവരെ തുറുങ്കില്‍ അടക്കുവാന്‍ അവസരം നല്‍കുന്നതുമാണ്. കര്‍ണ്ണാടകത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരപരാധികളായ നിരവധി മുസ്ലീം ചെറുപ്പക്കാര്‍ ഇപ്പോള്‍ ഈ നിയമപ്രകാരം ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ടാല്‍ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിക്കാണെന്നാണ് ഈ നിയമം വ്യവസ്ഥ ചെയ്‌തിരിക്കുന്നത്. ഇത്തരം കാടന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ അടക്കപ്പെട്ട മഅദ്‌നിക്ക് നീതിയും മാനുഷിക പരിഗണനയും ലഭിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്താന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.
* * *