സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയ്‌ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍, പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിക്കുന്നു.
പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവ് കൂടിയായ സൂര്യകാന്ത മിശ്ര വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഹൗറ ജില്ലയിലെ ഉദയ്‌നാരായണ്‍പൂര്‍ സന്ദര്‍ശിക്കുന്നതിനുള്ള യാത്രയ്‌ക്കിടയില്‍ രാജാപൂരിലെത്തിയ മിശ്രയേയും സംഘത്തേയും ആക്രമികള്‍ തടഞ്ഞുനിര്‍ത്തുകയും കാറുകള്‍ തല്ലിത്തകര്‍ക്കുകയും. ചെയ്‌തു. പത്രപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് സൂര്യകാന്ത മിശ്രയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തു.
കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പശ്ചിമബംഗാളില്‍ 12 ജില്ലകളിലായി 20 ലക്ഷത്തോളം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. സഹായത്തിന് തയ്യാറാകുന്ന സംഘടനകളെപ്പോലും അവിടേക്ക് കടന്നുചെല്ലാന്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ദുരിതമനുഭവിക്കുന്ന ജനതയ്‌ക്ക് അര്‍ഹമായ സഹായം സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തിലാണ് സൂര്യകാന്ത മിശ്രയും സി.പി.ഐ (എം) ജില്ലാ സെക്രട്ടറി വിപ്ലവ് മജൂംദാരും സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്.
പശ്ചിമബംഗാളിലെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു മുഖം കൂടിയാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. പശ്ചിമബംഗാളില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ പോലും അംഗീകരിക്കാത്ത സ്ഥിതിവിശേഷത്തിനെതിരെ ശക്തമായ പ്രതിഷേധം അവിടെ ഉയര്‍ന്നുവരുന്നുണ്ട്. പശ്ചിമബംഗാളിലെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ജനതയുമായി കേരള ത്തിലെ ജനത ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
തിരുവനന്തപുരം
14.08.2015
* * *