സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-20.08.2015
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വെട്ടിമുറിച്ച് ജനവിധി അട്ടിമറിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി.
പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്‌ടിച്ചതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചിരിക്കുകയാണ്. നിരന്തരം കത്തുകള്‍ അയച്ചിട്ടും അനങ്ങാപ്പാറ നയമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കമ്മീഷന്‍ കോടതിയില്‍ ഹാജരാക്കിയ രേഖകളിലൂടെ വ്യക്തമായിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ഇതിലൂടെ ആര്‍ക്കും ബോധ്യമാകുന്നതാണ്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തി നവംബര്‍ 1-ന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്നതിന് ആവശ്യമായ സഹായങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചെയ്‌തുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനു പകരം നിശ്ചിത സമയത്ത് തെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍കീഴില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശമെങ്കില്‍ ഒരു കാരണവശാലും കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. നിശ്ചിത സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനുവേണ്ടി ബഹുജന ഇടപെടല്‍ ഉണ്ടാവണം.
തിരുവനന്തപുരം
20.08.2015
***