സി.പി.ഐ (-എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-21.08.2015

കേരളത്തിന്റെ വികസനത്തിന്‌ അടിസ്ഥാനമായി നില്‍ക്കുന്ന ഭൂപരിഷ്‌കരണനിയമത്തെ അട്ടിമറിക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണം.

കേരളം ഇന്ന്‌ കൈവരിച്ച നേട്ടങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്‍ക്കുന്നത്‌ ഭൂപരിഷ്‌കരണനിയമമാണ്‌. 1957ല്‍ ഈ നിയമത്തിന്‌ തുടക്കം കുറിച്ച ഘട്ടത്തില്‍ തന്നെ അതിനെ അട്ടിമറിക്കുന്നതിനുള്ള നടപടികളാണ്‌ വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചത്‌. അതിശക്തമായ പ്രക്ഷോഭങ്ങളുടേയും ജനകീയ സമ്മര്‍ദ്ദത്തിന്റേയും ഭാഗമായിട്ടാണ്‌ ഇന്നത്തെ നിലയിലുള്ള ഭൂപരിഷ്‌കരണം രൂപപ്പെട്ടുവന്നത്‌.

യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂപരിഷ്‌കരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്‌. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ മന്ത്രിസഭാ യോഗം 10 കോടി രൂപ നിക്ഷേപിക്കുമെന്നും 20 തൊഴിലവസരങ്ങള്‍ നല്‍കുമെന്നും പറയുന്ന ആര്‍ക്കും എത്ര ഏക്കര്‍ ഭൂമിയും കൈവശം വയ്‌ക്കാന്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവ മിച്ചഭൂമിയായി കണക്കാക്കുന്ന ഭൂപരിഷ്‌കരണ നിയമത്തിലെ സുപ്രധാന വ്യവസ്ഥയാണ്‌ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്‌. അതോടെ, മിച്ചഭൂമിയായി കണക്കാക്കാന്‍ റവന്യൂ വകുപ്പ്‌ ഉദ്ദേശിക്കുന്ന സ്ഥലം പോലും ഭൂമാഫിയകള്‍ക്ക്‌ കൈവശപ്പെടുത്താന്‍ പറ്റുന്ന അവസ്ഥയും ഉണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ഭൂമാഫിയ ഭൂമി കൈവശം വച്ചിട്ടുണ്ട്‌. ഇത്തരം ഭൂമി സാധുവാക്കപ്പെടുന്ന സ്ഥിതിയുമാണ്‌ ഇതിന്റെ അനന്തരഫലം. ഇതിനു പുറമെ വന്‍തോതിലുള്ള അഴിമതിക്കും ഇത്‌ ഇടയാക്കും.

തോട്ടം ഭൂമിയിലെ ഒരു ഭാഗം ടൂറിസം ആവശ്യത്തിനും മറ്റ്‌ കാര്‍ഷികാവശ്യങ്ങള്‍ക്കും വിട്ടുകൊടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത്‌ ഏകദേശം 3 ലക്ഷത്തോളം ഏക്കര്‍ ഉണ്ടാകും. തോട്ടം അല്ലാതാകുമ്പോള്‍ ഈ ഭൂമി സ്വാഭാവികമായും ഇത്‌ മിച്ചഭൂമിയായി മാറി. ഭൂരഹിതര്‍ക്ക്‌ പതിച്ചുകിട്ടേണ്ട ഭൂമിയും ഇത്തരത്തില്‍ മാറ്റപ്പെട്ടിരുന്നു.

കേരളത്തില്‍ നിലവില്‍ 41 ശതമാനം ജനതയ്‌ക്ക്‌ നാമമാത്രമായ ഭൂമി മാത്രമാണ്‌ കൈവശമുള്ളത്‌. 3 ലക്ഷം കുടുംബങ്ങള്‍ക്കാവട്ടെ യാതൊരു തരത്തിലുള്ള ഭൂമിയും കൈവശമില്ല. ഇത്തരത്തില്‍ ഭൂമിയുടെ ലഭ്യതയില്‍ വലിയ ഞെരുക്കമാണ്‌ കേരളത്തില്‍ അനുഭവപ്പെടുന്നത്‌. ഭൂപരിധി നിയമം കര്‍ശനമായി നടപ്പിലാക്കുകയും മിച്ചഭൂമി ഭൂരിഹതര്‍ക്ക്‌ പതിച്ചുനല്‍കിയെങ്കിലും മാത്രമേ കേരളത്തിലെ ഭൂപ്രശ്‌നത്തിന്‌ അടിയന്തര പരിഹാരം കാണാനാകൂ. ഈ സാഹചര്യത്തിലാണ്‌ ഭൂപരിധി നിയമം തന്നെ എടുത്തുമാറ്റിയും മിച്ചഭൂമിയായി മാറേണ്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ടും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌.

ഭൂനിയമം കര്‍ശനമാക്കുകയും മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക്‌ അടിയന്തരമായി വിതരണം ചെയ്യുന്നതിനും പകരം റിയല്‍ എസ്റ്റേറ്റ്‌ മാഫിയയ്‌ക്കും സമ്പന്നവിഭാഗത്തിനും വേണ്ടി ഭൂപരിഷ്‌കരണനിയമങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം

തിരുവനന്തപുരം
21.08.2015

***