റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ള സംവിധാനം സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി കാര്‍ഡുടമകളില്‍നിന്ന് സ്വീകരിച്ച വിവരങ്ങള്‍ പരിശോധിച്ച് തിരുത്തുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം സാധാരണക്കാര്‍ക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്. നല്‍കിയിട്ടുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവ നോക്കി തിരുത്തലുകള്‍ വരുത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ സാക്ഷരത പൂര്‍ണ്ണമല്ലാത്ത സംസ്ഥാനത്ത് ഇത്തരമൊരു വഴി മാത്രം സ്വീകരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ തെറ്റുകള്‍ തിരുത്താന്‍ കഴിയില്ലെന്ന അവസ്ഥ തെറ്റുകള്‍ തിരുത്താതെ പോകുന്നതിലേക്കായിരിക്കും നയിക്കുക. ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഭാവിയില്‍ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇന്റര്‍നെറ്റ് കഫേകള്‍ വഴിയും ഇവ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും സാധാരണക്കാര്‍ പണം നല്‍കേണ്ടിവരും. അതുകൊണ്ട് റേഷന്‍ കടകളില്‍ ചെന്ന് ഇവ പരിശോധിക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുള്ള സംവിധാനവും അടിയന്തരമായി ഏര്‍പ്പെടുത്തണം.
നേരത്തെ തന്നെ റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രയാസങ്ങള്‍ സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നുവന്നപ്പോഴാണ് അതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ വരുത്തിയിട്ടുള്ള ഈ സംവിധാനത്തില്‍ ജനസൗഹൃദപരമായ മാറ്റം അടിയന്തരമായി ഉണ്ടാക്കണം.
തിരുവനന്തപുരം
30.08.2015
***