സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആര്‍.എസ്.എസ് നടത്തുന്ന നിന്ദ്യവും പൈശാചികവുമായ അക്രമപരമ്പരകളില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ആര്‍.എസ്.എസ് ക്രിമിനല്‍ സംഘവും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്ക് നേരെ കിരാതമായ ആക്രമണമാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളുടെ ഫലമായി കഴിഞ്ഞ ഒരാഴ്‌ചക്കകത്തുതന്നെ രണ്ട് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. കാസര്‍കോട്ടെ സി.നാരായണനെ തിരുവോണനാളിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത്. അനുജന്‍ അരവിന്ദനേയും ക്രൂരമായി ആക്രമിച്ചു. പട്ടാമ്പിയില്‍ നജീബ് എന്ന പാര്‍ടി പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറിയാണ് ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയില്‍ തന്നെ നാല് സി.പി.ഐ (എം) പ്രവര്‍ത്തകരും ആര്‍.എസ്.എസ് ആക്രമണത്തിന് വിധേയമായി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടും പരിസരപ്രദേശങ്ങളിലും ആര്‍.എസ്.എസ് ക്രിമിനലുകള്‍ അഴിഞ്ഞാടിയതിന്റെ ഭാഗമായി പാര്‍ടി പ്രവര്‍ത്തകരുടെ 20-ഓളം വീടുകളും മൂന്ന് സി.പി.ഐ (എം) ഓഫീസുകളുമാണ് തകര്‍ക്കപ്പെട്ടത്. നിരവധി സി.പി.ഐ (എം) പ്രവര്‍ത്തകരേയും ആക്രമിച്ചു. കണ്ണൂര്‍ ജില്ലയിലെ നടുവനാട് കോട്ടൂര്‍ഞ്ഞാലില്‍ വീട്ടില്‍ കയറി ഗര്‍ഭിണിയെ പോലും ആക്രമിക്കുകയും ചെയ്‌തു. നഗ്നചിത്രം പ്രദര്‍ശിപ്പിക്കുമെന്ന നെറികെട്ട ഭീഷണിയും അരങ്ങേറി.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഒരു കുടുംബത്തിലെ നാല് പാര്‍ടി പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ വെട്ടി പരിക്കേല്‍പിച്ചു. കോട്ടയം ജില്ലയിലെ അയര്‍കുന്നം മാലത്ത് ഓണഘോഷത്തിനിടയിലാണ് ആര്‍.എസ്.എസ് സംഘം അക്രമം അഴിച്ചുവിട്ടത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ഏരിയാകമ്മിറ്റി ഓഫീസ് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം ആക്രമിച്ചു.. തൃശൂര്‍ ജില്ലയിലെ കൊടകര, പുതുക്കാട് എന്നിവിടങ്ങളില്‍ ആക്രമണ പരമ്പര തന്നെ സംഘടിപ്പിച്ചു. പാര്‍ടി സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു എന്ന് മാത്രമല്ല നിരവധി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്‌തു. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ നടുവന്നൂരില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ മൂന്ന് സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണകാലത്ത് ഇതിനകം 28 പാര്‍ടി പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. ഇതില്‍ 17 പേര്‍ ആര്‍.എസ്.എസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെടുന്ന കേസുകള്‍ പിന്‍വലിച്ചുകൊണ്ട് എന്ത് അക്രമം ചെയ്‌താലും സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം ഇതിന് സാഹചര്യമൊരുക്കി. ആര്‍.എസ്.എസ് നടത്തുന്ന കൊലപാതക കേസുകളില്‍ ഫലപ്രദമായ അന്വേഷണം പോലും ഇല്ലാത്തത് കൊലപാതക പരമ്പരകള്‍ക്ക് പശ്ചാത്തലം സൃഷ്‌ടിക്കുകയാണ്.
സംസ്ഥാനത്തുടനീളം അടുത്ത ദിവസങ്ങളില്‍ നടന്ന ഈ ആക്രമണ പരമ്പര വിപുലമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്താകമാനം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മാര്‍ക്‌സിസ്റ്റ് അക്രമമെന്ന പ്രചരണം നടത്തി അതിലൂടെ യു.ഡി.എഫുമായി ബന്ധമുണ്ടാക്കുവാനുള്ള കുത്സിതശ്രമമാണ് ഇതിന് പിന്നിലുള്ളത്. ആര്‍.എസ്.എസ് സര്‍ക്കാര്‍ ഒത്താശയോടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രകോപനങ്ങളുടെ പിന്നിലുള്ള രാഷ്‌ട്രീയ താല്‍പര്യങ്ങളെ തിരിച്ചറിഞ്ഞ് ഇടപെടുന്നതിന് പാര്‍ടി സഖാക്കള്‍ക്ക് കഴിയണം. ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തിനെതിരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിനെതിരെയും ബഹുജനങ്ങളെ അണിനിരത്തി വിശാലമായ ജനകീയമുന്നേറ്റം സംഘടിപ്പിക്കാന്‍ കഴിയണം. ആര്‍.എസ്.എസിന്റെ ഈ അക്രമ പരമ്പരകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കേണ്ടതുണ്ട്.
തിരുവനന്തപുരം
31.08.2015
***