സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-01.09.2015

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്‌.എസ്‌ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ സെപ്‌റ്റംബര്‍ 7-ാം തീയതി ലോക്കല്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിതമായ അക്രമമാണ്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകളും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്‌. കാസര്‍കോട്‌ സി. നാരായണനെ ആസൂത്രിതമായി ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തി. പട്ടാമ്പിയില്‍ നജീബിനെ ആശുപത്രിയില്‍ കയറിയാണ്‌ ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയത്‌. കാസര്‍ഗോഡ്‌ ജില്ലയില്‍ ഇതിന്റെ തുടര്‍ച്ചയായും അക്രമങ്ങള്‍ അരങ്ങേറി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ടും പരിസരപ്രദേശങ്ങളിലും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകളും പാര്‍ടി ഓഫീസുകളും വാഹനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. നിരവധി പാര്‍ടി പ്രവര്‍ത്തകരും ആക്രമണത്തിന്‌ വിധേയമായി. കണ്ണൂര്‍ ജില്ലയില്‍ വീട്ടില്‍ കയറി ഗര്‍ഭിണിയെ പോലും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.

ആലപ്പുഴ ജില്ലയിലെ കായംകുളത്തും കോട്ടയം ജില്ലയിലെ അയര്‍കുന്നത്തും ആര്‍.എസ്‌.എസ്‌ നേതൃത്വത്തില്‍ ആക്രമണം സംഘടിപ്പിച്ചു. തൊടുപുഴ ഏരിയാകമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. തൃശൂര്‍ ജില്ലയിലെ കൊടകര, പുതുക്കാട്‌ പ്രദേശങ്ങളില്‍ ആര്‍.എസ്‌.എസുകാര്‍ അഴിഞ്ഞാടി. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ നടുവന്നൂരില്‍ ആര്‍.എസ്‌.എസുകാര്‍ ആക്രമണം നടത്തി.

ആര്‍.എസ്‌.എസുകാരെ സംരക്ഷിക്കുന്ന യു.ഡി.എഫ്‌ നയം കൂടിയാണ്‌ ഇത്തരമൊരവസ്ഥ ഉണ്ടാക്കുന്നതിന്‌ സാഹചര്യമൊരുക്കിയത്‌. കാസര്‍കോട്ട്‌ കൊല്ലപ്പെട്ട നാരായണനെതിരെ വധശ്രമത്തിന്‌ കേസ്‌ എടുത്തുകൊണ്ട്‌ കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായം കൂടി യു.ഡി.എഫ്‌ സര്‍ക്കാര്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്‌. പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെയുള്ള കേസ്‌ പിന്‍വലിച്ചും മറ്റു പല കേസുകളിലും ഇതേ നയം സ്വീകരിച്ചതിനു തുടര്‍ച്ചയാണ്‌ ഈ സംഭവവും അരങ്ങേറിയിട്ടുള്ളത്‌. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 28 പാര്‍ടി പ്രവര്‍ത്തകരാണ്‌ കൊല ചെയ്യപ്പെട്ടത്‌. ഇതില്‍ 17 പേരെ കൊലപ്പെടുത്തിയത്‌ ആര്‍.എസ്‌.എസ്‌ ക്രിമിനലുകളാണ്‌. ഈ കേസുകളില്‍ ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ കാണിച്ച ഗുരുതരമായ അലംഭാവവും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക്‌ പ്രോത്സാഹനമായിട്ടുണ്ട്‌.

കേരളത്തിലുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പര വിപുലമായ ആസൂത്രണത്തിന്റെ ഫലമാണ്‌. മാര്‍ക്‌സിസ്റ്റ്‌ അക്രമം എന്ന പ്രചാരവേല നടത്തി യു.ഡി.എഫ്‌-ബി.ജെ.പി ബാന്ധവത്തിന്‌ പശ്ചാത്തലമൊരുക്കുന്നതിനാണ്‌ ഇത്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. രാഷ്‌ട്രീയ ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നതിനുള്ള ഈ നീക്കത്തിനെതിരെ നാട്‌ ഉണരേണ്ടതുണ്ട്‌. ഇതിന്റെ ഭാഗമായി പാര്‍ടി സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ്ണയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.


തിരുവനന്തപുരം
01.09.2015

* * *