ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോടതി വിധിയുടെ കാഴ്‌ചപ്പാട് മാനിക്കാതെയുള്ളതാണ്.
ഭരണഘടനാപരമായി നവംബര്‍ 1-ാം തീയതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അധികാരമേല്‍ക്കേണ്ടതുണ്ട്. ഇതിനെ അട്ടിമറിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഈ ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മാത്രമല്ല, ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് വ്യക്തമാക്കുകയും അതിനുള്ള അധികാരം ഉപയോഗിക്കണമെന്നും പറയുകയുണ്ടായി.
ഹൈക്കോടതി മുന്നോട്ടുവച്ച ഈ കാഴ്‌ചപ്പാടിനനുസരിച്ച് പ്രവര്‍ത്തിക്കാതെ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ തയ്യാറാവാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ആ പദവിക്ക് ഒട്ടും യോജിച്ചതായില്ല. തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കുന്നതിനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്‌ക്കുകയാണ് ഫലത്തില്‍ കമ്മീഷന്‍ ചെയ്‌തിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രഖ്യാപനം അധികാര ദുര്‍വിനിയോഗത്തിനുള്ള അവസരം സര്‍ക്കാരിന് തുറന്നുകൊടുക്കുകയാണ് ചെയ്‌തിട്ടുള്ളത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന് തടസ്സമായി നിന്നത് സര്‍ക്കാരിന്റെ നടപടികളാണെന്ന് ആര്‍ക്കും വ്യക്തമാകുന്നതാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റുന്നതിനും പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ സ്വാധീനിക്കുന്നതിനും സര്‍ക്കാരിന് അവസരം നല്‍കും.
നവംബര്‍ 1-ാം തീയതി തന്നെ ഭരണസമിതികള്‍ അധികാരത്തില്‍ വരാവുന്നവിധം തെരഞ്ഞെടുപ്പ് തീയതി അടിയന്തരമായി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകണം.
തിരുവനന്തപുരം
07.09.2015
***