ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന്റെ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും ഫലപ്രദമായ നടപടികള്‍ ഭാവിയില്‍ സ്വീകരിക്കുന്നതിനും ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് വേണ്ടത്.
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ 11 വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്‌ടപ്പെട്ടിട്ടുള്ളത്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത വിധത്തിലുള്ള ഗൗരവമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. അതിനായി, ജുഡീഷ്യല്‍ അന്വേഷണം തന്നെ അനിവാര്യമാണ്. എന്നാല്‍, ഇതിനു പകരം എ.ഡി.ജി.പിയെ അന്വേഷണത്തിനായി ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രശ്‌നം ഏറെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ തെളിവ് കൂടിയാണ് ഈ തീരുമാനം.
കേരളത്തില്‍ പലപ്പോഴായി നടന്നിട്ടുള്ള ബോട്ട് അപകടങ്ങളില്‍ നിരവധിപേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും കേരളത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. അതില്‍ മുന്നോട്ടുവച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല എന്ന കാര്യവും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കപ്പെടാതെപോയി എന്ന കാര്യം ഉള്‍പ്പെടെ ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന്റെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തെ സംബന്ധിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനുള്ള പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണം.
തിരുവനന്തപുരം
07.09.2015
***