സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-08.09.2015

തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ആര്‍.എസ്‌.എസുകാര്‍ക്ക്‌ പോലീസ്‌ സ്റ്റേഷനില്‍വച്ചുതന്നെ ജാമ്യം നല്‍കി വിട്ടയച്ച പോലീസ്‌ നടപടി സര്‍ക്കാരും ആര്‍.എസ്‌.എസും തമ്മിലുള്ള ഒത്തുകളിയുടെ മറ്റൊരുദാഹരണമാണ്.

ശ്രീനാരായണഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രമാണ്‌ തലശ്ശേരി ജഗനാഥക്ഷേത്രം. ഇതിനടുത്തുള്ള ശ്രീനാരായണ പ്രതിമയാണ്‌ ആര്‍.എസ്‌.എസുകാര്‍ തകര്‍ത്തത്‌. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്‌ നേതൃത്വപരമായ പങ്കു വഹിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ അവയവങ്ങള്‍ ഛേദിക്കുക എന്ന അത്യന്തം പൈശാചികമായ പ്രവര്‍ത്തനമാണ്‌ ആര്‍.എസ്‌.എസുകാര്‍ നടത്തിയത്‌. ശ്രീനാരായണ ഗുരുവിന്റെ പ്രതീകാത്മക വധം തന്നെ നടത്തിയ നികൃഷ്‌ടമായ സംഭവത്തിന്റെ ഉത്തരവാദികളായ മൂന്ന്‌ ആര്‍.എസ്‌.എസുകാരെ പോലീസ്‌ കുറ്റവാളികളാണെന്ന്‌ കണ്ടെത്തി അറസ്റ്റ്‌ ചെയ്‌തിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത്‌ കലാപം സൃഷ്‌ടിക്കുകയായിരുന്നു ആര്‍.എസ്‌.എസ്‌. എന്നിട്ടും ഇവര്‍ക്കു നേരെ 153 `എ' പ്രകാരം സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നതിനുള്ള കേസ്‌ എടുക്കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറായില്ല. പോലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കി പത്തുമിനുട്ടുകൊണ്ട്‌ ജാമ്യം നല്‍കി ഇവരെ വിട്ടയയ്‌ക്കുകയാണുണ്ടായത്‌. ഉന്നതതലത്തിലുള്ള ഇടപെടലില്ലാതെ ഇത്തരമൊരു സംഭവം യാതൊരു കാരണവശാലും സംഭവിക്കില്ല. മുഖ്യമന്ത്രിയും ആര്‍.എസ്‌.എസും തമ്മിലുള്ള ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌.
പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെയുള്ള കേസ്‌ നേരത്തെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട്‌ പിന്‍വലിച്ചിരുന്നു. എം.ജി. കോളേജില്‍ ആര്‍.എസ്‌.എസുകാര്‍ പോലീസ്‌ ഓഫീസ്‌ ഓഫീസറെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും മുന്‍ ചീഫ്‌ സെക്രട്ടറി സി.പി. നായരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും പിന്‍വലിച്ചുകൊണ്ട്‌ ആര്‍.എസ്‌.എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിക്കൊണ്ട്‌ മുഖ്യമന്ത്രി ചെയ്‌തിരിക്കുന്നത്‌. കേരളത്തില്‍ ആര്‍.എസ്‌.എസിന്‌ അഴിഞ്ഞാടാനും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്നതിനും എല്ലാ ഒത്താശയും ചെയ്‌തുകൊടുക്കുകയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍. കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന വിധം വര്‍ഗീയശക്തികള്‍ക്ക്‌ അഴിഞ്ഞാടാന്‍ കേരളത്തെ വിട്ടുകൊടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

ഗുരുദേവ പ്രതിമയെ തകര്‍ത്ത്‌ നാട്ടില്‍ സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള ആര്‍.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തുവരാന്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും തയ്യാറാകണം.

തിരുവനന്തപുരം
08.09.2015

* * *