വര്‍ഗീയ ശക്തികളുടെ ഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി ജനങ്ങളെ അണിനിരത്തുന്ന മതനിരപേക്ഷ കൂട്ടായ്‌മകള്‍ സി.പി.ഐ (എം) നേതൃത്വത്തില്‍ സംഘടിപ്പിക്കും. സെപ്‌റ്റംബര്‍ 26 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2 വരെ വാര്‍ഡ് തലത്തില്‍ വിപുലമായ മതനിരപേക്ഷ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിക്കാനും വര്‍ഗീയതയുടെയും ജാതി വിദ്വേഷത്തിന്റെയും വിഷവിത്തെറിയാനും നടക്കുന്ന ആസൂത്രിത ശ്രമങ്ങള്‍ തുറന്നുകാട്ടി കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കാന്‍ രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. നാടിന്റെ സമാധാനവും ജനങ്ങളുടെ സൈ്വരജീവിതവും കാംക്ഷിക്കുന്ന എല്ലാവരും ഈ മുന്നേറ്റത്തില്‍ അണിനിരക്കേണ്ടതുണ്ട്. ഒരുവശത്ത് ജാത്യഭിമാനവും മറുവശത്ത് മതസ്‌പര്‍ധയും വളര്‍ത്തി വര്‍ഗീയ ശക്തികള്‍ കേരളത്തെ കലാപകലുഷമാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുന്നു. നവോത്ഥാന നായകരെയും അവരുടെ ദര്‍ശനങ്ങളെയും വര്‍ഗീയതയുടെ മേലങ്കിയണിയിക്കാനും അതിലൂടെ രാഷ്‌ട്രീയലാഭമുണ്ടാക്കാനും ശ്രമിക്കുന്ന സംഘപരിവാര്‍ തുടര്‍ച്ചയായി പ്രകോപനവും അസ്വസ്ഥതയും സൃഷ്‌ടിക്കുകയാണ്.
സമൂഹത്തെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ഏതു നീക്കവും അപകടകരമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഘോഷയാത്രയില്‍ അവതരിപ്പിക്കപ്പെട്ട നിശ്ചലദൃശ്യം ദുര്‍വ്യാഖ്യാനിച്ച് വൈകാരികമായ പ്രതികരണം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്‍.എസ്.എസ് ആയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെയും സന്ദേശത്തെയും വര്‍ഗീയശക്തികള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രീകരണത്തിനാണ് ആ നിശ്ചലദൃശ്യത്തിലൂടെ ശ്രമിച്ചതെങ്കിലും, അതിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ അവസരമുണ്ടായത് ഖേദകരമാണ് എന്ന് പാര്‍ട്ടി തുറന്നു പറഞ്ഞിട്ടും വിവാദവുമായി ചിലര്‍ മുന്നോട്ടുപോകുന്നത് അതിനു പിന്നിലെ വര്‍ഗീയ- രാഷ്‌ട്രീയ ദുഷ്‌ടലാക്ക് തെളിയിക്കുന്നു.
ആ വിവാദത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ആക്രമണങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രണംചെയ്‌തതാണ്. കോട്ടയത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വര്‍ഗീയവിരുദ്ധ സെമിനാറിനുനേരെ ആക്രമണം നടത്തിയത് എസ്.എന്‍.ഡി.പി യുവജനവിഭാഗത്തിന്റെ കൊടിപിടിച്ചുകൊണ്ടായിരുന്നു. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരയണ പ്രതിമ തകര്‍ത്ത് പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നിസ്സാരകുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടതും പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ബന്ധിതമായതും ഈ ആക്രമണങ്ങളോട് പൊലീസിനും സര്‍ക്കാരിനുമുള്ള നിസ്സംഗ സമീപനത്തിന്റെ ഉദാഹരണമാണ്.
പയ്യന്നൂര്‍ കണ്ടോത്ത് 1932ല്‍ സ്ഥാപിച്ച ശ്രീനാരയണ ശ്രന്ഥശാല ഇക്കഴിഞ്ഞ ഓണനാളുകളില്‍ തകര്‍ത്ത ആര്‍.എസ്.എസുകാരെ പിടികൂടാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്കെതിരെ ഒരക്ഷരം പറയാന്‍ യുഡിഎഫ് നേതൃത്വവും തയാറാകുന്നില്ല. ഇത്തരം സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രാദേശിക ധാരണ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്.
കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന ചര്‍ച്ചകളിലൂടെ, യഥാര്‍ത്ഥ അക്രമികള്‍ ആര്‍.എസ്.എസ് ആണെന്ന വസ്‌തുത ജനങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആര്‍.എസ്.എസിന്റെ കെണിയില്‍ വീഴ്‌ത്താന്‍ ശ്രമിക്കുന്ന സങ്കുചിത മനോഭാവക്കാരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ജനങ്ങള്‍ വ്യാപകമായി തയാറാകുന്ന അനുഭവവും ഉണ്ട്. മതനിരപേക്ഷതയുടെ മുദ്രാവാക്യമുയര്‍ത്തി ജനങ്ങളെ അണിനിരത്തുകയും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുകയും എന്ന കടമ ഏറ്റെടുത്തുകൊണ്ടാണ്, സംസ്ഥാനത്താകെ മതനിരപേക്ഷ മനസ്സുകളെ ഒന്നിപ്പിക്കുന്ന കൂട്ടായ്‌മകള്‍ക്ക് സി.പി.ഐ (എം) നേതൃത്വം നല്‍കുന്നത്. ഈ സംഗമങ്ങള്‍ വന്‍ വിജയമാക്കാന്‍ സെക്രട്ടറിയേറ്റ് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
10.09.2015
***