സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-11.09.2015

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.

19 ശതമാനം ബോണസ്‌ കഴിഞ്ഞ വര്‍ഷം നല്‍കിയത്‌, കെ.ഡി.എച്ച്‌.പി കമ്പനി ഏകപക്ഷീയമായി അത്‌ വെട്ടിച്ചുരുക്കുന്ന നിലപാട്‌ സ്വീകരിച്ചതാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കുന്നതിന്‌ പ്രധാന കാരണമായിട്ടുള്ളത്‌. ഇപ്പോഴത്തെ സമരത്തിനാധാരമായി ഉന്നയിക്കുന്ന കാര്യങ്ങള്‍ മുന്നോട്ട്‌ വെച്ചുകൊണ്ട്‌ വ്യത്യസ്‌തമായ നിരവധി സമരരൂപങ്ങള്‍ തൊഴിലാളികള്‍ നടത്തിയിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാതെ പോവുകയാണ്‌ ഉണ്ടായത്‌. ഈ സാഹചര്യത്തിലാണ്‌ കഴിഞ്ഞ ഏഴ്‌ ദിവസമായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായത്‌.

ഈ പ്രക്ഷോഭം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിക്കുകയാണ്‌. തൊഴിലാളികളാവട്ടെ നരകതുല്യമായ ജീവിതം നയിക്കേണ്ട സാഹചര്യവും നിലനില്‍ക്കുകയാണ്‌. തൊഴിലാളി സമരങ്ങളോട്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നിസംഗനിലപാടാണ്‌ പ്രശ്‌നം ഇത്രയേറെ രൂക്ഷമാക്കുന്നതിന്‌ ഇടയാക്കിയത്‌. തൊഴിലാളികള്‍ മുന്നോട്ട്‌ വെക്കുന്ന ന്യായമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ സമരം അടിയന്തരമായി ഒത്തുതീര്‍പ്പിലെത്തിക്കേണ്ടത്‌ നമ്മുടെ നാടിന്റെ ആവശ്യമാണ്.


തിരുവനന്തപുരം
11.09.2015

***