സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-21.09.2015

കേരളത്തിലെ പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ തുക അനുവദിക്കാത്ത യുഡിഎഫ്‌ സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം വഞ്ചനാപരമാണ്.

ഇഎംഎസ്‌ പാര്‍പ്പിട പദ്ധതികളില്‍ ഉള്‍പ്പെടെയുളള വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 1100 കോടി രൂപയെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്‌. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌ 300 കോടി രൂപ മാത്രമാണ്‌ ഇതുകൊണ്ട്‌ ഒരു വര്‍ഷത്തെ ബാധ്യത പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഈ ഉത്തരവ്‌ പ്രകാരം 2012-13, 2013-14 വര്‍ഷങ്ങളില്‍ അനുവദിച്ച വീടുകള്‍ക്കു മാത്രമേ തുക ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇഎംഎസ്‌ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക്‌ ഇനിയും പണം നല്‍കാനിരിക്കെയാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്‌. ഈ വര്‍ഷത്തെ വീടുകളില്‍ മഹാഭൂരിപക്ഷവും ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ അവയ്‌ക്ക്‌ ഇനി ഗഡുക്കള്‍ ലഭിക്കില്ലെന്ന സൂചനയും ഇത്‌ നല്‍കുന്നുണ്ട്‌.

ഇ.എം.എസ്‌. പാര്‍പ്പിടപദ്ധതി യു.ഡി.എഫ്‌ തകര്‍ത്തതിനെതിരായുള്ള പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ഒരു വീടിന്‌ രണ്ടുലക്ഷം രൂപ സഹായം നല്‍കുമെന്ന്‌ പറഞ്ഞതും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണുണ്ടായത്‌. മാത്രമല്ല, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജന (ഐ.എ.വൈ.) നടപ്പാക്കാനുള്ള ചുമതല തദ്ദേശ ഭരണസ്ഥാപനങ്ങളുടെ തലയില്‍ വച്ചുകൊടുത്തു. പ്രതിവര്‍ഷം 55,000-ത്തിലേറെ വീടുകള്‍ ഈ സ്‌കീം വഴി കേരളത്തില്‍ നടപ്പാക്കുന്നുണ്ട്‌. ഇതില്‍ 70,000 രൂപ മാത്രമാണ്‌ സ്‌കീമിന്റെ വിഹിതമായി കേന്ദ്രത്തില്‍നിന്ന്‌ ലഭിക്കുന്നത്‌. ബാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിയാണുണ്ടായത്‌. ജില്ലാ പഞ്ചായത്ത്‌ വക 20,000 രൂപ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വക 36,000 രൂപ, ഗ്രാമപ്പഞ്ചായത്ത്‌ വക 24,000 രൂപ എന്ന നിലയിലാണ്‌ ഇത്‌ വിഭജിച്ചത്‌. ബാക്കി 50,000 രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‌കുമെന്ന്‌ നിയമസഭയില്‍ നല്‍കിയ ഉറപ്പു പോലും നടപ്പിലാക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷം അനുവദിച്ച വീടുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്‌.

പാര്‍പ്പിടപദ്ധതികളെ തകര്‍ക്കുന്ന വിധത്തില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ കാണിച്ച ഇത്തരം വഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പാര്‍പ്പിടപദ്ധതി ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേര്‍ത്ത്‌ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം.

തിരുവനന്തപുരം
21.09.2015

***