സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-23.09.2015

 

 
കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിക്ക്‌ നേതൃത്വം കൊടുത്ത പ്രസിഡന്റ്‌ ജോയ്‌ തോമസിനെ മാറ്റി നിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
 
കണ്‍സ്യൂമര്‍ഫെഡ്‌ ഡയറക്‌ടര്‍ ബോര്‍ഡംഗവും കോണ്‍ഗ്രസ്‌ നേതാവുമായ സതീശന്‍ പാച്ചേനി ഇത്‌ സംബന്ധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട്‌ നടന്നതായി വ്യക്തമായിരുന്നു. ഈ റിപ്പോര്‍ട്ട്‌ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രസിഡന്റിനും മാനേജിംഗ്‌ ഡയറക്‌ടര്‍, ഉപസമിതി അംഗങ്ങള്‍ എന്നിവര്‍ക്കും കൈമാറുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ തെളിവ്‌ സഹിതം അഴിമതി തുറന്നുകാട്ടിയിട്ടും അഴിമതിക്കാരെ സംരക്ഷിക്കാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അഴിമതിയോട്‌ ഈ സര്‍ക്കാര്‍ എത്രത്തോളം താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്‌ ഇത്‌. 
 
കണ്‍സ്യൂമര്‍ഫെഡില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെ സംബന്ധിച്ച്‌ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത്‌ വന്നിരുന്നു. നിയമസഭയില്‍ പലവട്ടം ഈ പ്രശ്‌നം തെളിവ്‌ സഹിതം ഉന്നയിക്കപ്പെടുകയും ചെയ്‌തതാണ്‌. എന്നിട്ടും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന്‌ സര്‍ക്കാര്‍ തയ്യാറായില്ല. കെ.പി.സി.സി പ്രസിഡന്റ്‌ തന്നെ കണ്‍സ്യൂമര്‍ഫെഡ്‌ പ്രസിഡന്റിനെ തല്‍സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നു. എന്നിട്ടും അനങ്ങാപ്പാറനയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. എല്ലാ അഴിമതിക്കാരുടേയും സംരക്ഷകനായി മുഖ്യമന്ത്രി മാറുന്നു എന്നതിന്റെ മറ്റൊരു തെളിവ്‌ കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. 
 
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കെതിരായി അവിടത്തെ തൊഴിലാളികളുടെ ഭാഗത്തു നിന്ന്‌ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്‌. അഴിമതിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച കണ്‍സ്യൂമര്‍ഫെഡിലെ തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ച്‌ ഭീകരമായി മര്‍ദ്ദിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ ലാത്തിച്ചാര്‍ജ്ജില്‍ സാരമായി പരിക്കേല്‍ക്കുകയുണ്ടായി. അഴിമതിക്കെതിരായി ഉയര്‍ന്നുവരുന്ന ഇത്തരം പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കികൊല്ലാനുള്ള സര്‍ക്കാരിന്റെ ശ്രമം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. 
 
വിലക്കയറ്റം കൊണ്ട്‌ പൊറുതി മുട്ടുന്ന കേരള ജനതയെ മാര്‍ക്കറ്റില്‍ ഇടപെട്ട്‌ സംരക്ഷിക്കേണ്ട കണ്‍സ്യൂമര്‍ഫെഡിനെ അഴിമതിയുടെ വിളനിലമാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
 

തിരുവനന്തപുരം
23.09.2015
 
* * *