സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-23.09.2015

മുന്നണിക്ക്‌ പുറത്ത്‌ നീക്കുപോക്കുണ്ടാക്കുമെന്ന യു.ഡി.എഫ്‌ കണ്‍വീനറുടെ പ്രഖ്യാപനം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്നണിക്ക്‌ പുറത്തുള്ള സംഘടനകളുമായി നീക്കുപോക്കുണ്ടാക്കുമെന്നാണ്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രസ്‌താവിച്ചിരിക്കുന്നത്‌. ഇത്‌ കേരളത്തില്‍ ഒരു കാലത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കി പരീക്ഷിച്ച ബി.ജെ.പി സഖ്യം ആവര്‍ത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്‌. ഇതിനുള്ള പശ്ചാത്തലം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ കഴിഞ്ഞ കുറേ കാലമായി സംസ്ഥാനത്ത്‌ ബി.ജെ.പിയും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്‌. 
 
സംഘപരിവാറുമായി യോജിച്ചുകൊണ്ട്‌ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന കാഴ്‌ചപ്പാട്‌ പ്രായോഗികമാക്കാനാണ്‌ എസ്‌.എന്‍.ഡി.പി നേതൃത്വത്തിലെ ഒരു വിഭാഗം ഇപ്പോള്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്‌. 
സ്വതന്ത്രപരിവേഷം അണിഞ്ഞുകൊണ്ട്‌ ആര്‍.എസ്‌.എസുകാരെ സ്ഥാനാര്‍ത്ഥിയാക്കി പിന്തുണയ്‌ക്കാനാണ്‌ ഇവരുടെ നീക്കം. ഇങ്ങനെയുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കുന്ന നയമാണ്‌ യു.ഡി.എഫ്‌ നടപ്പാക്കാന്‍ ശ്രമിക്കുന്നത്‌. ഇത്തരം നയം നടപ്പിലാക്കുന്നതിനുള്ള രാഷ്‌ട്രീയ പശ്ചാത്തലം ഒരുക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്‌. ബി.ജെ.പിക്ക്‌ പ്രിയപ്പെട്ട ഒരു വ്യവസായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും പ്രിയപ്പെട്ടവനായി തീര്‍ന്നതും ഇത്തരത്തിലുള്ള ബാന്ധവത്തിന്റെ ഭാഗം തന്നെയാണ്‌. 
 
പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവരുടെ കേസുകള്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ പിന്‍വലിച്ചത്‌ ഇത്തരമൊരു അജണ്ടയുടെ ഭാഗം തന്നെയായിരുന്നു. തലശ്ശേരിയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത്‌ നാട്ടില്‍ കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ച ആര്‍.എസ്‌.എസുകാരെ സ്റ്റേഷനില്‍ നിന്ന്‌ ജാമ്യം നല്‍കി വിട്ടതും ഈ യോജിപ്പിന്റെ മറ്റൊരു തെളിവാണ്‌. 
 
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്‌.എസുകാര്‍ സംഘടിതമായി സി.പി.ഐ (എം) ന്‌ നേരെ ശക്തമായ ആക്രമണമാണ്‌ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്തരത്തില്‍ പ്രകോപനമുണ്ടാക്കി മാര്‍ക്‌സിസ്റ്റ്‌ അക്രമമെന്ന്‌ പ്രചരിപ്പിച്ച്‌ യു.ഡി.എഫിനെ പിന്തുണക്കുന്നതിനുള്ള പശ്ചാത്തലമാണ്‌ ഇതിലൂടെ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ തന്നെ 16 സി.പി.ഐ (എം) പ്രവര്‍ത്തകരെ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തുകയുണ്ടായി. ഈ കേസുകള്‍ പോലും ഫലപ്രദമായി അന്വേഷിക്കാതെ ഒത്തുകളിച്ച സര്‍ക്കാര്‍ നടപടിയാണ്‌ കേരളത്തില്‍ അക്രമം വ്യാപിപ്പിക്കുന്നതിന്‌ ഇടയാക്കിയത്‌.
 
മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും മഹത്തായ പാരമ്പര്യമുള്ള മണ്ണാണ്‌ കേരളത്തിന്റേത്‌. ഈ വളര്‍ച്ചയ്‌ക്ക്‌ ഒരു പങ്കും നല്‍കാത്ത സംഘപരിവാറിനെ ആനയിക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ രംഗത്തിറങ്ങണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ഐക്യത്തിലൂടെ കേരളത്തിലെ നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കാനുള്ള ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങളെ തുറന്നുകാട്ടി മുന്നോട്ട്‌ പോവാന്‍ മതേതരവാദികള്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. 
 
സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ അട്ടിമറിച്ച്‌ വര്‍ഗീയതയുടെ വിളഭൂമിയാക്കി മാറ്റുവാനുള്ള സംഘപരിവാറിന്റെ പദ്ധതികള്‍ക്ക്‌ പരവതാനി ഒരുക്കുന്ന യു.ഡി.എഫിന്റെ നയങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
 

തിരുവനന്തപുരം
23.09.2015
 
* * *