സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-25.09.2015

 
 
വര്‍ഗീയ ശക്തികളുടെ ഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി സെപ്‌റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 2 വരെ സംഘടിപ്പിക്കുന്ന മതനിരപേക്ഷ കൂട്ടായ്‌മകള്‍ വിജയിപ്പിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
 
കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ അടിത്തറ തകര്‍ത്ത്‌ വര്‍ഗീയതയുടെയും ജാതി വിദ്വേഷത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ആര്‍.എസ്‌.എസ്‌-ബി.ജെ.പി നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ നടക്കുകയാണ്‌. സംസ്ഥാനത്തെ ജനങ്ങളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേര്‌ പറഞ്ഞ്‌ വിഭജിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പിന്തിരിപ്പന്‍ ശക്തികള്‍ സംഘടിപ്പിക്കുകയാണ്‌. 
എല്ലാ മനുഷ്യരേയും ഒന്നായി കണ്ടുകൊണ്ടുള്ള നവോത്ഥാന കാഴ്‌ചപ്പാടുകള്‍ തന്നെ അട്ടിമറിക്കാനുള്ള ഗൂഢമായ തന്ത്രങ്ങളാണ്‌ പിന്തിരിപ്പന്‍ ശക്തികള്‍ ആവിഷ്‌കരിക്കുന്നത്‌. നവോത്ഥാന നേതാക്കളേയും അവരുടെ കാഴ്‌ചപ്പാടുകളേയും വളച്ചൊടിച്ചുകൊണ്ട്‌ വര്‍ഗീയശക്തികളുടെ കാല്‍ക്കീഴിലേക്ക്‌ സംസ്ഥാനത്തെ എത്തിക്കാനുള്ള ഇടപെടലും സജീവമായിരിക്കുകയാണ്‌.
 
സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന്‌ വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്‌ നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയില്‍ കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും നടത്തിയ പോരാട്ടങ്ങളാണ്‌. ഇത്തരം സമരങ്ങളില്‍ ഒരു പങ്കും വഹിച്ചില്ലെന്നു മാത്രമല്ല, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള പദ്ധതികളാണ്‌ എല്ലാ കാലത്തും സംഘപരിവാര്‍ നടപ്പിലാക്കിയത്‌. ജാതീയമായി ജനങ്ങളെ ഭിന്നിപ്പിച്ച്‌ വര്‍ഗീയമായി കൂട്ടിയോജിപ്പിക്കുന്ന സംഘപരിവാറിന്റെ അജണ്ടയെ പിന്തുണയ്‌ക്കുന്നതിനാണ്‌ എസ്‌.എന്‍.ഡി.പി പോലെ മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മതനിരപേക്ഷതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്‌.എസിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അവരുമായി കൂട്ടുചേരാനുള്ള ഗൂഢതന്ത്രങ്ങളും ഇത്തരം കൂട്ടുകെട്ടിനു പിന്നിലുണ്ട്‌.
 
കേരളത്തിലെ സാമൂഹ്യ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനയാണ്‌ സംവരണം നല്‍കിയത്‌. എന്നാല്‍, അതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന പ്രഖ്യാപനം ആര്‍.എസ്‌.എസിന്റെ സര്‍സംഘ്‌ ചാലക്‌ മോഹന്‍ ഭഗവത്‌ നടത്തിയിരിക്കുകയാണ്‌. നേരത്തെ തന്നെ ആര്‍.എസ്‌.എസ്‌ നേതാവ്‌ എം.ജി. വൈദ്യയും ഇതേ കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചിരുന്നു. ആരംഭകാലം തൊട്ടേയുള്ളആര്‍.എസ്‌.എസിന്റെ നയമാണ്‌ ഇതിലൂടെ മറ നീക്കി പുറത്തുവന്നിരിക്കുന്നത്‌. ആര്‍.എസ്‌.എസ്‌ നേതൃത്വത്തില്‍ നിന്ന്‌ വന്ന പ്രധാനമന്ത്രിയാവട്ടെ ഇത്തരം പ്രസ്‌താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നിലനില്‍ക്കുന്ന സംവരണത്തെ സംരക്ഷിക്കുകയും അതോടൊപ്പം, മുന്നോക്കത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ സംവരണം ലഭിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയും പാസ്സാക്കേണ്ട ഘട്ടമാണിത്‌. മാത്രമല്ല നവലിബറല്‍ നയങ്ങളുടെ ഭാഗമായി പൊതുമേഖലയില്‍ അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ സ്വകാര്യമേഖലയിലും സംവരണം വ്യാപിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നുവരുമ്പോഴാണ്‌ നിലവിലുള്ള സംവരണം തന്നെ ഇല്ലാതാക്കാനുള്ള പരിശ്രമം ആര്‍.എസ്‌.എസ്‌ നടത്തുന്നത്‌.
 
നിലവിലുള്ള സംവരണം പോലും എടുത്തുമാറ്റാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ `സംവരണത്തെ സംരക്ഷിക്കുക' എന്ന പേരിലുള്ള പ്രമേയവും മതനിരപേക്ഷ കൂട്ടായ്‌മകളില്‍ അവതരിപ്പിക്കപ്പെടും. ഈ പ്രമേയം ഓരോ കേന്ദ്രത്തില്‍നിന്നും പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കും. ഇതിലൂടെ സംവരണത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രക്ഷോഭത്തിനും തുടക്കം കുറിക്കും.
 
സംസ്ഥാനത്താകെ മതനിരപേക്ഷ മനസ്സുകളെ ഒന്നിപ്പിക്കുന്ന കൂട്ടായ്‌മ വന്‍ വിജയമാക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
 
തിരുവനന്തപുരം
25.09.2015
 
* * *