സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-02.10.2015

ഉത്തര്‍പ്രദേശില്‍ മാട്ടിറച്ചി സൂക്ഷിക്കുകയും കഴിക്കുകയും ചെയ്‌തു എന്നാരോപിച്ച്‌ ഗൃഹനാഥനെ കൊലപ്പെടുത്തിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബിസറ ഗ്രാമത്തിലാണ്‌ നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്‌. മധ്യവയസ്‌കനായ കര്‍ഷകത്തൊഴിലാളി മുഹമ്മദ്‌ അഖ്‌ലാക്കിനെയാണ്‌ വര്‍ഗീയ വിദ്വേഷം ബാധിച്ച ജനക്കൂട്ടം ഇഷ്‌ടിക കൊണ്ട്‌ അടിച്ച്‌ കൊലപ്പെടുത്തിയത്‌. ഇദ്ദേഹത്തിന്റെ മകന്‍ ഡാനിഷ്‌ നോയ്‌ഡ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്‌. ഭാര്യയുടെ മുമ്പിലിട്ടാണ്‌ അഖ്‌ലാക്കിനെ ഇഷ്‌ടികകൊണ്ട്‌ ഇടിച്ചുകൊന്നത്‌.

രാജ്യവ്യാപകമായി വര്‍ഗീയ ധ്രൂവീകരണം സൃഷ്‌ടിച്ച്‌ തങ്ങളുടെ അജണ്ട സ്ഥാപിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്‌ ഈ പൈശാചിക സംഭവം അരങ്ങേറിയത്‌. മതസൗഹാര്‍ദ്ദം നിലനിന്നിരുന്ന പ്രദേശത്ത്‌ അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വച്ചുകൊണ്ടാണ്‌ ഈ പൈശാചികമായ കൊലപാതകം നടത്തിയിട്ടുള്ളത്‌. ദീര്‍ഘകാലമായി വര്‍ഗീയ വിഷവിത്ത്‌ വിതച്ചുകൊണ്ടുള്ള പ്രചരണം ഈ മേഖലയില്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുകയായിരുന്നു. മാട്ടിറച്ചി നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രിയുടെ മണ്‌ഡലത്തിലാണ്‌ ഈ സംഭവം അരങ്ങേറിയത്‌. ബോധപൂര്‍വ്വമായ ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാനാവില്ല.

മതനിരപേക്ഷ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയിലാണ്‌ ഭക്ഷണത്തിന്റെ പേരില്‍ ഈ അരുംകൊല നടന്നു എന്നത്‌ രാജ്യത്തിനാകമാനം അപമാനം സൃഷ്‌ടിച്ചിരിക്കുകയാണ്‌. കേരളത്തിലും ഇത്തരത്തിലുള്ള അജണ്ടകള്‍ വിവിധ രൂപങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുകയാണ്‌ എന്നതും അതീവ ഗൗരവമായി കാണേണ്ടതുണ്ട്‌. ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനും അവര്‍ക്ക്‌ പരവതാനി ഒരുക്കുന്നവര്‍ നടത്തുന്ന ആപത്തിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജനാധിപത്യശക്തികള്‍ രംഗത്തിറങ്ങണം


തിരുവനന്തപുരം,
02.10.2015.