സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-05.10.2015

പ്രതിപക്ഷ നേതാവും സി.പി.ഐ (എം) ന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്‌. അച്യുതാനന്ദനെതിരെ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന വ്യക്തിഹത്യയും വിശേഷണങ്ങളും മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണ്.
 
ദശാബ്‌ദങ്ങളുടെ സമരചരിത്രമുള്ള നേതാവാണ്‌ വി.എസ്‌. അദ്ദേഹത്തെപ്പറ്റി തരംതാണ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ വെള്ളാപ്പള്ളി തന്റെ രാഷ്‌ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നോക്കുകയാണ്‌. എസ്‌.എന്‍.ഡി.പി യോഗത്തെ ശ്രീനാരായണ ദര്‍ശനങ്ങളില്‍ അധിഷ്‌ഠിതമായ ഒരു സാമൂഹ്യ സംഘടന എന്ന തരത്തില്‍ നിന്നും സംഘപരിവാര്‍ സേവാസംഘമാക്കി മാറ്റുന്നതിനാണ്‌ യോഗത്തിന്റെ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളിയും കൂട്ടരും പരിശ്രമിക്കുന്നത്‌. ഇതിനുവേണ്ടി പ്രധാനമന്ത്രിയേയും ബി.ജെ.പി അധ്യക്ഷനേയും ആര്‍.എസ്‌.എസ്‌ നേതാവിനെയും ഡെല്‍ഹിയില്‍ പോയി കുടുംബസമേതം കണ്ട്‌ രാഷ്‌ട്രീയ സഖ്യത്തിനുള്ള തീരുമാനം കൈക്കൊണ്ടത്‌ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക്‌ നിരക്കാത്തതാണ്‌. ഇത്‌ ചൂണ്ടിക്കാട്ടാനുള്ള രാഷ്‌ട്രീയ അവകാശവും ചുമതലയും പ്രതിപക്ഷ നേതാവായ വി.എസിനുണ്ട്‌. അത്‌ ചെയ്യുമ്പോള്‍ വി.എസിനെതിരെ സമനില തെറ്റിയ നിലയില്‍ ആക്രോശം നടത്തുന്നത്‌ നന്നല്ല. ആര്‍.എസ്‌.എസിനെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയാണ്‌ വി.എസ്‌. അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെയും മറ്റും തുടര്‍ച്ചയായ പ്രചാരവേല വെള്ളാപ്പള്ളി നടത്തുന്നത്‌. വെള്ളാപ്പള്ളി നടത്തുന്ന ഇത്തരം ജല്‍പ്പനങ്ങളെ പ്രബുദ്ധ കേരളം അവജ്ഞയോടെ തള്ളും.
 
 
തിരുവനന്തപുരം
05.10.2015
 
****