സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-07.10.2015

തോട്ടം മേഖലയിലെ തൊഴിലാളികള്‍ കൂലി വര്‍ദ്ധനവ്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ പ്രക്ഷോഭം നടത്തുകയാണ്‌. ഈ പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ഒക്‌ടോബര്‍ 10-ാം തീയതി പാര്‍ടി പ്രവര്‍ത്തകര്‍ അരിയും പയറും ശേഖരിക്കുന്ന പ്രവര്‍ത്തനവുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു. ഭക്ഷ്യവസ്‌തുക്കള്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരകേന്ദ്രങ്ങളില്‍ എത്തിക്കുന്നതാണ്‌.

 
തോട്ടം മേഖലയിലെ തൊഴിലാളികള്‍ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ തൊഴിലാളികള്‍ സമരമുഖത്ത്‌ അണിനിരക്കുകയാണ്‌. ജീവിതപ്രയാസങ്ങളുടെ നടുവില്‍ കഴിയുന്ന തൊഴിലാളികളെ സഹായിക്കുക എന്നത്‌ ജനാധിപത്യ കേരളത്തിന്റെ ഉത്തരവാദിത്വമാണ്‌.
സംസ്ഥാന സര്‍ക്കാരാവട്ടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഇടപെടുന്നതിനു പകരം തൊഴിലുടമകളുടെ പക്ഷം ചേര്‍ന്ന്‌ തൊടുന്യായങ്ങള്‍ അവതരിപ്പിക്കുന്നതിനാണ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പാവപ്പെട്ട തൊഴിലാളികള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ നയത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
 
തോട്ടം തൊഴിലാളികളെ സഹായിക്കാന്‍ പാര്‍ടി നടത്തുന്ന പ്രവര്‍ത്തനം വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

തിരുവനന്തപുരം
07.10.2015

***