വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കുന്നതിനും സ്വകാര്യവല്‍ക്കരിക്കുന്നതിനുമുള്ള നീക്കം ചെറുക്കും:സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-14.10.2015

നിലവിലുള്ള വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്‌ നല്‍കിയ ചോദ്യാവലിയെ കുറിച്ച്‌ വിപുലമായ ചര്‍ച്ച നടത്തിയശേഷം മാത്രമേ മറുപടി നല്‍കാവൂ.

വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്‌ നേരിടുന്ന പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ്‌ പുതിയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കുന്നതിനാണെന്ന്‌ പറഞ്ഞുകൊണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കേന്ദ്രസര്‍ക്കാര്‍ ഒരു ചോദ്യാവലി സംസ്ഥാനസര്‍ക്കാരിന്‌ നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണത്തിന്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇതിലെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുന്നതിനുള്ള ഗൗരവകരമായ പ്രവര്‍ത്തനം ഇതുവരേയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല.

രാജ്യത്തെ വിദ്യാഭ്യാസ മേഖല കാവിവല്‍ക്കരിക്കുന്നതിനും സ്വകാര്യവല്‍ക്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന നയംകൊണ്ടുവരാനാണ്‌ ഇത്തരം പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. വിദ്യാഭ്യാസ വകുപ്പിലെ ഏതാനും ചിലര്‍ തയ്യാറാക്കുന്ന മറുപടി സംസ്ഥാനത്തിന്റെ അഭിപ്രായമായി മാറുന്ന സ്ഥിതിയാണ്‌ ഉണ്ടാവാന്‍ പോകുന്നത്‌. ഇത്‌ തിരുത്തി വിശാലമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുന്നതിനാണ്‌ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തയ്യാറാക്കിയ ശാസ്‌ത്രീയമായ പാഠ്യപദ്ധതിയുടെ മതനിരപേക്ഷപരമായ കാഴ്‌ചപ്പാടുകളിലും ശാസ്‌ത്രീയതയിലും വെള്ളം ചേര്‍ക്കുന്ന പദ്ധതികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ചത്‌. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തേയും സ്വകാര്യവല്‍ക്കരണത്തേയും വിയോജിപ്പ്‌ കൂടാതെ വിഴുങ്ങുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാരിന്റേത്‌.

വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച്‌ കേന്ദ്രം നല്‍കിയിട്ടുള്ള ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ഗൗരവമുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ ഈ ചോദ്യാവലിക്ക്‌ മറുപടി നല്‍കുന്നതിന്‌ മുമ്പ്‌ ബഹുജനാഭിപ്രായം ആരായുക എന്നത്‌ പ്രധാനമാണ്‌. പൊതുവായ ചര്‍ച്ചകള്‍ക്കൊപ്പം തന്നെ പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണം.
അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചോദ്യാവലിക്ക്‌ മറുപടി നല്‍കാന്‍ പാടുള്ളൂ. യു.ഡി.എഫ്‌ സര്‍ക്കാര്‍ ഇതുവരെ കേന്ദ്രനയങ്ങള്‍ക്കെതിരെ ഒരക്ഷരവും ഉരിയാടിയിട്ടില്ല. ഇതിലൂടെ വിദ്യാഭ്യാസരംഗത്ത്‌ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന പിന്തിരിപ്പന്‍ പരിഷ്‌കാരങ്ങളെ പിന്താങ്ങുകയാണ്‌ യു.ഡി.എഫ്‌ ചെയ്യുന്നത്‌.

കേരളത്തില്‍ വികസിച്ചുവന്നിട്ടുള്ള സാര്‍വ്വത്രിക വിദ്യാഭ്യാസത്തേയും സര്‍ക്കാരിന്റെ നിയന്ത്രണത്തേയും തകര്‍ക്കുന്ന സ്ഥിതിയാണ്‌ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്‌ വെക്കുന്ന ഇത്തരം നയങ്ങളിലൂടെ ഉണ്ടാവുക. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെടുന്നതോടെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള അവസരവും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്‌ ഉണ്ടാവാന്‍ പോവുന്നത്‌. വിദ്യാഭ്യാസത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്ന കേരള സംസ്ഥാനത്ത്‌ വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും മാറ്റുന്ന ഇത്തരം കാര്യങ്ങള്‍ പൊതു ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കാതെ മറുപടി നല്‍കുന്നതിനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല.

തിരുവനന്തപുരം
14.10.2015

***