സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 27.10.2015

ഡെല്‍ഹി കേരള ഹൗസില്‍ പൊലീസ്‌ നടത്തിയ ബീഫ്‌ റെയ്‌ഡില്‍ പ്രധാനമന്ത്രിയെ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി അപമാനമാണ്


ഡെല്‍ഹി സംഭവം കേരളീയരുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്‌. കേരള ഹൗസിലെ ഭക്ഷണശാലയില്‍ എന്ത്‌ വേവണമെന്നും ഏത്‌ അടുപ്പ്‌ പ്രവര്‍ത്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഹിന്ദുസേനയുടേതല്ല. ഹിന്ദുസേനയുടെ താല്‍പര്യപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ്‌ ഡെല്‍ഹിയിലെ കേരള ഹൗസില്‍ അതിക്രമിച്ചുകയറി ഭക്ഷണപരിശോധന നടത്തിയത്‌ ധിക്കാരമാണ്‌.

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡെല്‍ഹിയിലെ കേരള ഹൗസിന്റെ ചുമതല മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണവകുപ്പിനാണ്‌. എന്നിട്ടും ബീഫ്‌ റെയ്‌ഡിനെപറ്റി പ്രതികരിക്കാന്‍ പന്ത്രണ്ട്‌ മണിക്കൂര്‍ വൈകിയത്‌ ആശ്ചര്യകരമാണ്‌. പ്രതികരിച്ചപ്പോഴാകട്ടെ അത്‌ വര്‍ഗീയശക്തികളോടുള്ള ലജ്ജാകരമായ കീഴടങ്ങലുമായി. ഡെല്‍ഹി പൊലീസ്‌ മിതത്വം പാലിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധവികാരം ഒട്ടും ഉള്‍ക്കൊള്ളുന്നതല്ല. ഇതിനു തുടര്‍ച്ചയായി ബീഫ്‌ വിഭവങ്ങള്‍ ഡെല്‍ഹി കേരള ഹൗസില്‍നിന്നും ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു.

പശുമാംസവിഭവം വിതരണം ചെയ്യുന്നുവെന്ന തെറ്റായ വിവരം സംഘപരിവാര്‍ നല്‍കിയതുപ്രകാരം ഡെല്‍ഹി പൊലീസ്‌ കേരള ഹൗസില്‍ കടന്നുകയറിത്‌ തെറ്റാണെന്ന്‌ പറയാന്‍ മുഖ്യമന്ത്രി എന്തിന്‌ മടിക്കണം. അനേക പതിറ്റാണ്ടുകളായി കേരള ഹൗസില്‍ ഭക്ഷണത്തിനെത്തുന്നവര്‍ക്ക്‌ പോത്തിറച്ചി നല്‍കുന്നുണ്ടെന്നും ഡെല്‍ഹി സര്‍ക്കാരിന്റെ ലൈസന്‍സുള്ള കടയില്‍നിന്നും നല്‍കുന്ന ഇറച്ചിയാണ്‌ വാങ്ങുന്നതെന്നും കേരള ഹൗസ്‌ അധികൃതര്‍ അറിയിച്ചിട്ടും അത്‌ മാനിക്കാതെയാണ്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഇക്കാര്യത്തില്‍ എന്തെങ്കിലും സന്ദേഹമുണ്ടെങ്കില്‍ മാംസം വിതരണം ചെയ്യുന്ന ഡെല്‍ഹിയിലെ ഷോപ്പില്‍ പോയി പരിശോധിക്കുകയായിരുന്നു ചെയ്യേണ്ടത്‌. രാജ്യതലസ്ഥാനത്തെ സംസ്ഥാന സര്‍ക്കാരുകളുടെ ആസ്ഥാനമന്ദിരം വിദേശ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക്‌ എന്നതുപോലെ ചില പരിരക്ഷകള്‍ ഉള്ളതാണ്‌. കേരള സര്‍ക്കാരിന്റെ റസിഡന്റ്‌ കമ്മീഷണറുടെ അനുമതി കൂടാതെ 30 പൊലീസുകാര്‍ കേരള ഹൗസിലെ ഭക്ഷണശാല കുറേനേരം പിടിച്ചടക്കിയത്‌ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധത്തെ ഉലയ്‌ക്കുന്നതാണ്‌. ഈ അര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ ഇടപെടാനും ഉടനെതന്നെ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിഷേധം അറിയിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമായിരുന്നു. അത്‌ ചെയ്യാത്തത്‌ ഉചിതമല്ല. ഡെല്‍ഹിയില്‍ എത്തുന്ന കേരളീയര്‍ എന്ത്‌ കഴിക്കണമെന്ന്‌ മോഡിയും കൂട്ടരും തീരുമാനിക്കും എന്നാണ്‌ കേരള ഹൗസിലെ ബീഫ്‌ റെയ്‌ഡില്‍ തെളിയുന്നത്. 

തിരുവനന്തപുരം
27.10.2015