ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനാല്‍ കെ.എം.മാണി അരനിമിഷം വൈകാതെ മന്ത്രിസ്ഥാനം രാജിവെക്കണം. മാണിയുടെ രാജി വേണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിയമ വ്യവസ്ഥയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ബാറുടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയതാണ് കേസ്. ആരോപണങ്ങള്‍ പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രി മന്ദിരവും സ്വകാര്യമന്ദിരവും കോഴ വാങ്ങാനുള്ള കേന്ദ്രമാക്കിയ മന്ത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങിയത് അസാധാരണ നടപടിയാണ്. അഴിമതിയുടെ കൂട്ടുത്തരവാദിത്തമാണോ ഇതിന് കാരണ?ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും മാണിയെ കുറ്റവിമുക്തനാക്കാന്‍ ഇടപെട്ട വിജിലന്‍സ് ഡയറക്‌ടറുടെ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്റ്.എം.പോളിനെ കൊണ്ട് ചുടുചോറ് വാരിച്ച മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. മാണിക്കെതിരായ കോടതി വിധിയോട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്‌ടമായിരിക്കുകയാണ്.
പാമോലിന്‍-ബാര്‍ കോഴകേസുകളെ താരതമ്യം ചെയ്‌ത് മാണിയുടെ രാജി അപ്രസക്തമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് അസംബന്ധമാണ്. പാമോലിന്‍ കേസിലെ കോടതി വിധി വന്നശേഷം ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുന്നതില്‍ മുഖ്യമന്ത്രി പിന്നോട്ട് പോവുകയായിരുന്നു. എങ്കിലും പാമോലിന്‍ കേസില്‍ നിന്നും വ്യത്യസ്‌തമാണ് മാണി പ്രതിയായ ബാര്‍ കോഴ കേസ്. പാമോലിന്‍ കേസില്‍ കരുണാകര മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പാമോലിന്‍ ഇടപാടിലെ പങ്കിനെപ്പറ്റി പരിശോധിക്കുന്നത് സംബന്ധിച്ച ഹര്‍ജിയായിരുന്നു. എന്നാല്‍ ബാര്‍ കോഴക്കേസില്‍ ക്വിക് വെരിഫിക്കേഷനെ തുടര്‍ന്ന് മാണിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്‌തുതാവിവര റിപ്പോര്‍ട്ടില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോഴാണ് അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്‌ടര്‍ ഇടപെട്ടത്. ഇതിനെയാണ് വിജിലന്‍സ് കോടതി അസാധുവാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബാര്‍ കോഴ കേസും ഉമ്മന്‍ചാണ്ടിക്കെതിരായ പാമോലിന്‍ കേസുമായി ബന്ധിപ്പിക്കുന്ന വിതണ്ഡതാവാദം കേരളത്തില്‍ വിലപ്പോകില്ല.
വിജിലന്‍സിന്റെ തലപ്പത്തിരുന്ന് ഉദ്യോഗസ്ഥന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും അഴിമതിക്കേസില്‍ പ്രതിയായ മാണി രാജിവെക്കാത്തത് ജനാധിപത്യകേരളത്തെ അവഹേളിക്കുന്നതാണ്. മാണി രാജിവെക്കാന്‍ ആവശ്യപ്പെട്ട് നിയമസഭയ്‌ക്ക് അകത്തും പുറത്തും എല്‍.ഡി.എഫ് നടത്തിയ പ്രക്ഷോഭ സമരങ്ങളുടെ വിശ്വാസ്യതയും ആവശ്യകതയും കോടതി വിധിയോടെ കൂടുതല്‍ സാധൂകരിച്ചിരിക്കുകയാണ്. തുടരന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാവണം. കോടതി വിധിക്ക് ശേഷവും മാണി പുറത്തുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ് മുന്നോട്ട് വരും. ഈ പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനും മാണിയുടെ രാജിക്കുവേണ്ടിയും മാണിയെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരായും അതിശക്തമായ ജനാഭിപ്രായം ഉയരണം.