സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 09.11.2015
ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെക്കണം.
കോഴവാങ്ങിയെന്ന ആരോപണത്തിന് വിധേയനായ ധനമന്ത്രി കെ.എം.മാണി അധികാരത്തില്‍ തുടരുന്നതില്‍ കോടതിതന്നെ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ ഇനി അരനിമിഷംപോലും മാണി അധികാരത്തില്‍ തുടരരുത്. കോടതി വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ തുടര്‍ച്ചയായ മൂന്നാമത്തെ പ്രഹരമാണ്. മന്ത്രിസ്ഥാനത്ത് മാണിയെ തുടരാനനുവദിച്ച് ബാര്‍ കേസ് അട്ടിമറിക്കാന്‍ ഭരണസംവിധാനത്തെ നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തി. ഇക്കാര്യത്തില്‍ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. സീസറും സീസറുടെ ഭാര്യയും സംശയത്തിന് അതീതരാകണമെന്ന് കോടതിതന്നെ ചൂണ്ടിക്കാട്ടിയത് മാണി മാത്രമല്ല ഉമ്മന്‍ചാണ്ടിയും വഴിവിട്ട് പ്രവര്‍ത്തിച്ചതിനെതിരായ പ്രതികരണമാണ്. കോഴ വാങ്ങിയതിന് തെളിവില്ല, മാണിക്ക് മന്ത്രിയായി തുടരാം എന്നെല്ലാമുള്ള അഭിപ്രായം നിയമസഭയ്‌ക്കകത്തും പുറത്തും തുടര്‍ച്ചയായി പറഞ്ഞുവരികയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ മാണി കോഴവാങ്ങിയെന്ന് വിജിലന്‍സ് അന്വേഷണോദ്യോഗസ്ഥന്റെ വസ്‌തുതാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടറെ ഉപയോഗപ്പെടുത്തി ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. പൊതുഭരണവകുപ്പിന്റെ കീഴിലാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍. പൊതുഭരണവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് തെറ്റായ തീരുമാനമെടുപ്പിച്ചത് ഉമ്മന്‍ചാണ്ടിയാണ്.
എസ്‌പിയുടെ വസ്‌തുതാറിപ്പോര്‍ട്ടിന് കടകവിരുദ്ധമായി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഇടപെട്ട വിജിലന്‍സ് ഡയറക്ടറുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തിക്ക് അണിയറയില്‍ നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ തെല്ലും അര്‍ഹതയില്ല.
25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് അസന്ദിഗ്‌ധമായി ബോധ്യമായിട്ടുണ്ടെന്നാണ് എസ്.പിയുടെ വസ്‌തുതാ റിപ്പോര്‍ട്ട്. എസ്‌പിയുടെ അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് തെളിവുകിട്ടിയ പ്രകാരം മാണിയെ കുറ്റവിചാരണയ്‌ക്ക് വിധേയനാക്കണം. സുപ്രിംകോടതിയിലെ അഭിഭാഷകനില്‍നിന്നും സ്വകാര്യ നിയമോപദേശം തേടിയതിനും ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലുണ്ടായിരിക്കെ സുപ്രിംകോടതി അഭിഭാഷകനായ കപില്‍ സിബിലിനെ വാദിക്കാന്‍ കൊണ്ടുവന്നതിനും ചിലവായ തുക സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കരുത്. അത് കെ.എം. മാണിയില്‍ നിന്നും ഈടാക്കണം.
കേരളത്തിന് കളങ്കമുണ്ടാക്കിയ മാണി രാജിവെക്കുന്നില്ലെങ്കില്‍ കേരളം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ പ്രക്ഷോഭത്തിന് എല്‍.ഡി.എഫ് നേതൃത്വം നല്‍കും. സമരപരിപാടി എല്‍.ഡി.എഫ് യോഗം ചൊവ്വാഴ്‌ച ചേര്‍ന്ന് ചര്‍ച്ചചെയ്‌ത് തീരുമാനിക്കും. ബാര്‍ കോഴക്കേസില്‍ ആദര്‍ശപുരുഷന്മാരെന്ന ലേബലൊട്ടിച്ചിട്ടുള്ള എ.കെ. ആന്റണിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും അഭിപ്രായം പറയാതെ മുങ്ങിമാറുകയായിരുന്നു. ഇവരുടെ നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം
09.11.2015