സി.പി.ഐ (എം) ന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 2015 ഡിസംബര്‍ 1 മുതല്‍ 7 വരെയുള്ള തീയതികളില്‍ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.
മുതലാളിത്തം ചെന്നുപെട്ട സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ ആഘാതങ്ങള്‍ വിവിധ രൂപങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. ഐ.എല്‍.ഒ റിപ്പോര്‍ട്ട് പ്രകാരം 70% തൊഴിലാളികളും അസംഘടിത മേഖലയ്‌ക്കകത്ത് താല്‍ക്കാലികവും, സുരക്ഷിതത്വവുമില്ലാത്ത ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. ശരിയായ വേതനത്തില്‍ 20 ശതമാനത്തിന്റെ കുറവ് സംഭവിച്ചിരിക്കുകയാണ്. ഇത്തരം പ്രതിസന്ധി മറികടക്കാന്‍ വിശാലമായ കമ്പോളം വെട്ടിപിടിച്ചു കൊണ്ടും അസംസ്‌കൃത വസ്‌തുകള്‍ വിപുലമായി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ രൂപപ്പെടുത്തുന്നതിനും സാമ്രാജ്യത്വം തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം നയങ്ങള്‍ ജനജീവിതത്തില്‍ ഏറെ പ്രയാസം സൃഷ്‌ടിക്കുകയാണ്.
ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. അതിന്റെ ഫലമായി ജനജീവിതം ദുസ്സഹമാവുകയാണ്. ജനദ്രോഹനയങ്ങള്‍ക്കെതിരെ വമ്പിച്ച പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നുവരികയാണ്. തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തിയ അഖിലേന്ത്യാ പണിമുടക്ക് ഇതിന് ഉദാഹരണമാണ്. മോട്ടോര്‍ മേഖലയിലെ പണിമുടക്ക്, ഭൂമി ഏറ്റെടുക്കലിനെതിരെ കര്‍ഷകര്‍ നടത്തിയ സമരം, കടലോര മേഖലയിലെ ബന്ദ്, വനാവകാശനിയമം അട്ടിമറിക്കുന്നതിനെതിരെ ആദിവാസികളുടെ പോരാട്ടം തുടങ്ങിയവയെല്ലാം കേന്ദ്രസര്‍ക്കാരിനെതിരായുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണ്.
ജനജീവിതം ദുസ്സഹമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുകളെ ഇല്ലാതാക്കുന്നതിന് വര്‍ഗീയവികാരം കുത്തിപ്പൊക്കുന്നതിനുള്ള ശ്രമങ്ങളും രാജ്യവ്യാപകമായി നടക്കുകയാണ്. സംഘപരിവാറിന്റെ ആശയങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ രാജ്യവ്യാപകമായിരിക്കുകയാണ്. ദളിതുകളേയും ന്യൂനപക്ഷങ്ങളേയും രണ്ടാംകിട പൗരന്മാരായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറല്‍ ഘടനയും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും ശക്തിപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ അതിവിപുലമായ ജനകീയ ഐക്യം ഉയര്‍ത്തേണ്ട ഘട്ടമാണ്.
സംസ്ഥാനത്താവട്ടെ കേന്ദ്രസര്‍ക്കാരിന്റെ അതേനയങ്ങള്‍ തീവ്രമായി നടപ്പിലാക്കപ്പെടുകയാണ്. അതുകൊണ്ട് തന്നെ ജനജീവിതം ഏറെ ദുസ്സഹമായി മാറിയിരിക്കുന്നു. കാര്‍ഷിക-വ്യാവസായിക മേഖല തകര്‍ന്നുകഴിഞ്ഞു. വിശ്വവിഖ്യാതമായ ആരോഗ്യ-വിദ്യാഭ്യാസ മേഖലയേയും ദുര്‍ബലമായിരിക്കുന്നു. വിലക്കയറ്റം അതിന്റെ എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുകയാണ്. സംസ്ഥാനം ഇന്നേവരെ കാണാത്ത അഴിമതിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. കെ.എം.മാണിക്ക് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ടി വന്നിരിക്കുന്നു. ഇതില്‍ നിന്ന് പാഠം പഠിക്കുന്നതിന് പകരം അഴിമതിക്കാരെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് വര്‍ഗീയപരമായ ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നയങ്ങള്‍ക്കെതിരായി പൊരുതുന്നതിനും സംസ്ഥാനത്തെ മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തുന്നതിനും വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലും പാര്‍ടി ഏര്‍പ്പെട്ടിരിക്കുന്ന ഘട്ടമാണിത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനുള്ള പാര്‍ടിയുടെ ഇടപെടലിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ വിജയം.
ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരായും കോര്‍പ്പറേറ്റുവല്‍ക്കരണത്തിനെതിരായും വര്‍ഗീയതയ്‌ക്കെതിരായും അഴിമതിക്കെതിരായും ലക്ഷ്യബോധത്തോടെ പൊരുതുന്നത് സി.പി.ഐ (എം) ആണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബ്ബലമാക്കാന്‍ കോര്‍പ്പറേറ്റുകളുടെ ഫണ്ട് വന്‍തോതില്‍ രാഷ്‌ട്രീയരംഗത്തും തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും രംഗത്തിറക്കുന്ന പുതിയൊരു സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനമായ സി.പി.ഐ (എം) ന്റെ പ്രവര്‍ത്തനത്തിന് അധ്വാനിക്കുന്ന ബഹുജനങ്ങളാണ് എല്ലാ കാലത്തും സഹായങ്ങള്‍ നല്‍കിവന്നിട്ടുള്ളത്.
പാര്‍ടിയുടെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹുജനങ്ങള്‍ക്കിടയില്‍നിന്ന് ഫണ്ട് സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ പാര്‍ടി മെമ്പര്‍മാരും അവരവരുടെ കഴിവിനനുസരിച്ച് സംഭാവന നല്‍കേണ്ടതും പാര്‍ടി ബ്രാഞ്ചുകള്‍ വീടുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ടുകണ്ട് ഫണ്ട് പിരിവ് നടേത്തണ്ടതുമാണ്. ഫണ്ടിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ എല്ലാ സഹായ സഹകരണങ്ങളും നല്‍കണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
15.11.2015