സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന - 17-11-2015

കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക്‌ മൂര്‍ത്തമായ ജനകീയ ബദല്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്‌ 2016 ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്തുവച്ച്‌ നടക്കും. ഇതിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം നവംബര്‍ 24-ാം തീയതി വൈകുന്നേരം 5 മണിക്ക്‌ എ.കെ.ജി സെന്ററില്‍ വച്ച്‌ നടക്കും.


വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സെമിനാറുകളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തെ സംബന്ധിച്ച്‌ തയ്യാറാക്കിയിട്ടുള്ള രേഖ പഠന കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ രേഖയെക്കുറിച്ച്‌ വിശദമായി ചര്‍ച്ച നടത്തും. കേരള വികസനത്തില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കും. ഇതില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചു കൊണ്ട്‌ രേഖയ്‌ക്ക്‌ അവസാന രൂപം നല്‍കും. ജനകീയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഈ രേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ടി നേതൃത്വം നല്‍കും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും ഈ പരിപാടി സംഘടിപ്പിക്കുക.


തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള പ്രചരണ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പൊതുസ്ഥലത്തു നിന്ന്‌ നീക്കം ചെയ്യും. ചുമരെഴുത്തുകള്‍ മായ്‌ച്ചു കൊണ്ട്‌ ചുമരുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും. ശുചിത്വ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ടി ജില്ലാകമ്മിറ്റികള്‍ അതാത്‌ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

തിരുവനന്തപുരം
17.11.2015