ഐശ്വരകേരളം പടുത്തുയര്‍ത്താനും സല്‍ഭരണം കാഴ്‌ചവയ്‌ക്കാനും എല്‍.ഡി.എഫിന്റെ പ്രാദേശിക സര്‍ക്കാരുകള്‍ ജാഗ്രതാപൂര്‍ണ്ണമായി പ്രവര്‍ത്തിക്കും.
ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന എല്ലാ എല്‍.ഡി.എഫ് ജനപ്രതിനിധികളും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. ജാതി-മത-കക്ഷി രാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായ വികസനോന്മുഖ സല്‍ഭരണമാണ് എല്‍.ഡി.എഫ് വിഭാവനം ചെയ്യുന്നത്. ഇതിനൊത്ത രീതിയില്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും എല്‍.ഡി.എഫ് പ്രവര്‍ത്തിക്കണം. അധികാര വികേന്ദ്രീകരണം ഫലവത്തായി നടപ്പാക്കാന്‍ പ്രാദേശിക സര്‍ക്കാരുകളെ പ്രയോജനപ്പെടുത്തണം. അതിനൊപ്പം അര്‍ഹതപ്പെട്ട അധികാരവും പണവും താഴേക്ക് നല്‍കാന്‍ ഇനിയും മടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താനും ഈ സംവിധാനം പ്രയോജനപ്പെടണം.
യു.ഡി.എഫിന്റേയും ബി.ജെ.പി നേതൃത്വം നല്‍കിയ വര്‍ഗീയമുന്നണിയുടേയും വെല്ലുവിളികളേയും കള്ളപ്രചാരണങ്ങളേയും അതിജീവിച്ചാണ് കേരള ജനത എല്‍.ഡി.എഫിന് നഗര-ഗ്രാമ വ്യത്യാസമന്യേ വമ്പിച്ച വിജയം പ്രാദേശിക തെരഞ്ഞെടുപ്പില്‍ സമ്മാനിച്ചത്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇന്ന് നടന്ന അധ്യക്ഷ-ഉപാധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും 87 മുനിസിപ്പാലിറ്റികളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 84ല്‍ 44ലും എല്‍.ഡി.എഫ് വിജയം നേടി. യു.ഡി.എഫിന് ഭരണം പിടിക്കാന്‍ ഉദ്ദേശിച്ച് പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ എല്‍.ഡി.എഫ് പ്രതിനിധിയായതും ശ്രദ്ധേയമാണ്. ഒരു കോര്‍പ്പറേഷന്റെയും 39 മുനിസിപ്പാലിറ്റിയുടെയും നിയന്ത്രണമാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ടിടത്ത് നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനു പുറമെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി നിലവില്‍ എല്‍.ഡി.എഫ് ഭരണത്തിലാണ്.
കേരളം പിടിച്ചെടുക്കാന്‍ പോകുന്നു എന്ന പ്രചാരണം കേന്ദ്ര ഭരണത്തിന്റെയും ചില മാധ്യമ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടത്തിയ ബി.ജെ.പിയുടെ വര്‍ഗീയ മുന്നണിക്ക് ഒരു മുനിസിപ്പാലിറ്റിയുടെ ഭരണം ലഭിച്ചതുപോലും കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല. സംസ്ഥാനത്തെ എട്ടാമത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞത്. എല്‍.ഡി.എഫ് പൊതുവില്‍ വിജയം നേടിയ മുന്‍കാല പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പോലും നഗരങ്ങളില്‍ യു.ഡി.എഫിനായിരുന്നു മുന്‍കൈ. അതാകെ തകര്‍ന്നു എന്നതിന്റെ പ്രതിഫലനമാണ് നഗര ഭരണത്തില്‍ എല്‍.ഡി.എഫ് നേടിയ വ്യക്തമായ മുന്‍കൈ.
കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ക്കെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്നതാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം കാരണം യു.ഡി.എഫിന്റെ രാഷ്‌ട്രീയ അടിത്തറ ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലും തകര്‍ന്നിരിക്കുന്നു എന്നതിന്റെ വിളംബരമാണ് ഇന്നത്തെ നഗരസഭകളിലെ എല്‍.ഡി.എഫ് വിജയം വിളിച്ചറിയിക്കുന്നത്. മതനിരപേക്ഷതയ്‌ക്കനുകൂലമായ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഈ തെരഞ്ഞെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്; ഒപ്പം, അഴിമതി ഭരണം വച്ചുപൊറുപ്പിക്കില്ല എന്ന പ്രഖ്യാപനവും. എല്‍ഡിഎഫിനെ പിന്തുണച്ച എല്ലാ വിഭാഗം ജനങ്ങളേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്യുന്നു.