സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 21.11.2015

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനത്ത്‌ ഒരു നിമിഷം പോലും തുടരാന്‍ പാടില്ലെന്ന കാര്യമാണ്‌ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ വിജിലന്‍സ്‌ കോടതി തുടരന്വേഷണത്തിന്‌ ഉത്തരവ്‌ നല്‍കിയിരുന്നു. ഈ ഉത്തരവ്‌ ശരിവച്ചുകൊണ്ട്‌ ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യം സംജാതമായിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങള്‍ മാണി കുറ്റക്കാരനല്ലെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയാണുണ്ടായത്‌. കെ.എം. മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനകള്‍ പാടില്ലായിരുന്നു എന്നും ഇത്‌ അദ്ദേഹത്തിന്റെ കേസിലെ ഇടപെടല്‍ തന്നെയാണെന്നുമാണ്‌ കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണം നീതിയുക്തമാകുമോ എന്ന പ്രസക്തമായ ചോദ്യം കോടതി ഉന്നയിച്ചിട്ടുള്ളത്‌.

ബാര്‍ കോഴക്കേസും അതുപോലുള്ള അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്നപ്പോള്‍ അത്തരം കേസുകള്‍ ഇവര്‍ക്കു കീഴിലുള്ള വകുപ്പ്‌ ഉദ്യോഗസ്ഥന്മാര്‍ അന്വേഷിക്കുന്നത്‌ സത്യം പുറത്തുകൊണ്ടുവരുന്നതിന്‌ തടസ്സമാകുമെന്ന്‌ പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്‌. സോളാര്‍ കേസ്‌ വന്നപ്പോള്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌ ഈ പശ്ചാത്തലത്തിലാണ്‌. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുകയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരികയില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആശങ്ക അക്ഷരംപ്രതി ശരിയായിരിക്കുന്നു എന്നാണ്‌ കോടതി നിരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്‌.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരക്കസേരയില്‍ ഇരിക്കുന്നിടത്തോളം ഈ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരാന്‍ പോകുന്നില്ലെന്നാണ്‌ ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന്‌ ആര്‍ക്കും വ്യക്തമാകും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രതിഷേധം  ഉയര്‍ന്നുവരേണ്ടതുണ്ട്.


തിരുവനന്തപുരം
21.11.2015