സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 28.11.2015
ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ്.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യപരമായ എല്ലാ കീഴ്‌വഴക്കങ്ങളേയും കാറ്റില്‍പറത്തിക്കൊണ്ടാണ് ഈ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാധാരണ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും സബ്‌ജക്‌ട് കമ്മിറ്റിക്കും സെലക്‌ട് കമ്മിറ്റിക്കും വിടുകയും പൊതുജനാഭിപ്രായം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പതിവ്. എന്നാല്‍, നിലനില്‍ക്കുന്ന ഈ ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെയെല്ലാം ഇല്ലാതാക്കി എസ്.പിമാരെക്കൊണ്ട് ജില്ലാതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുകയും അവിടെനിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ പരാതി പെട്ടി വച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടുന്ന സമ്പ്രദായവും കൊണ്ടുവന്നിരിക്കുകയാണ്. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് പോലീസിനെ ഉപയോഗിച്ച് ഇത്തരം നയങ്ങള്‍ അവതരിപ്പിക്കുന്നതിന് ശ്രമിക്കുന്നത് എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി വമ്പിച്ച പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഘട്ടമാണ് ഇത്. രാഷ്‌ട്രീയഭേദമെന്യേ എല്ലാ തൊഴിലാളി സംഘടനകളും സമരരംഗത്തേക്ക് ഇറങ്ങിയത് അടുത്ത ഘട്ടത്തിലാണ്. കടലോരമേഖലയിലും മോട്ടോര്‍ മേഖലയിലും ഇത്തരം പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. കേരളത്തിലാണെങ്കില്‍ സര്‍ക്കാരിന്റെ അഴിമതി വാഴ്‌ചയ്‌ക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായി വമ്പിച്ച പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയും ചെയ്‌തു. ജനങ്ങള്‍ക്ക് ജീവിതദുരിതം സമ്മാനിക്കുന്ന നയങ്ങള്‍ക്കെതിരായി പ്രക്ഷോഭങ്ങള്‍ ഉയരുക സ്വാഭാവികമാണ്. എന്നാല്‍, ഇതിനെ ഇല്ലാതാക്കി മുന്നോട്ടുപോകാനാണ് ഈ നിയമത്തിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ ഹര്‍ത്താല്‍ വിരോധികളുടെ വോട്ട് നേടിയെടുക്കാം എന്ന സര്‍ക്കാരിന്റെ വ്യാമോഹമാണ് പെട്ടെന്നുള്ള ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ളത്. ജനാധിപത്യവിരുദ്ധമായ ഈ നീക്കങ്ങളെ ജനാധിപത്യകേരളം തള്ളിക്കളയുക തന്നെ ചെയ്യും.
സര്‍ക്കാരിനെതിരായി പ്രക്ഷോഭങ്ങള്‍ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ തന്നെ സമ്മതം വേണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്ന് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളും സംഘടനാ സ്വാതന്ത്ര്യം പോലും തടയാനുള്ള നീക്കങ്ങള്‍ ഉണ്ടായത് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ സാംസ്‌കാരിക നായകന്മാരെ കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഇവിടെ ഉയര്‍ന്നുവന്നതാണ്. അതൊന്നും ഉള്‍ക്കൊള്ളാതെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്.
പൗരന്റെ എല്ലാ ജനാധിപത്യ അവകാശങ്ങളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായി ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. പൗരന്റെ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെയും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളേയും ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല.
തിരുവനന്തപുരം
28.11.2015