സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 29.11.2015

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഭേദഗതി വരുത്തുന്നതിന്‌ അനുവാദം നല്‍കാന്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ സര്‍ക്കാര്‍ തയ്യാറാകണം. 

മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്‌ ആവശ്യമുള്ള ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്‌ ആരംഭിച്ചിട്ടുള്ളത്‌. 2015-16 വിഭാവനം ചെയ്‌ത പ്രോജക്‌ടുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ ചെലവഴിക്കാന്‍ കഴിയാത്ത തുകയും ഇതുവരെ നിര്‍വ്വഹണം പൂര്‍ത്തീകരിച്ച പ്രോജക്‌ടുകളില്‍ ബാക്കിയുള്ള തുകയും പൂര്‍ണ്ണമായി വിനിയോഗിക്കുന്നതിന്‌ പദ്ധതി ഭേദഗതി അനിവാര്യമാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ മൂലം സ്‌പില്‍ ഓവര്‍ അടക്കമുള്ള വികസന പ്രോജക്‌ടുകളുടെ നിര്‍വ്വഹണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സംസ്ഥാനത്ത്‌ പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ രൂക്ഷമായ വിലക്കയറ്റം നേരിടുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ പ്രയോജനപ്പെടുത്തി പ്രാദേശികമായി ജൈവപച്ചക്കറി ഉല്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കഴിയും. ഇതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പദ്ധതി ഭേദഗതിയ്‌ക്കുള്ള സര്‍ക്കാര്‍ അനുമതി ആവശ്യമാണ്‌.

പുതിയ ഭരണസമിതികള്‍ നിലവില്‍ വരികയും ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭകളും വിഷരഹിത പച്ചക്കറി കൃഷി ഏറ്റെടുക്കുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ തങ്ങളുടെ പദ്ധതികള്‍ പരിശോധിച്ച്‌ പുനഃക്രമീകരിക്കുകയോ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയോ ചെയ്യുന്നതിന്‌ സഹായകമായ സാഹചര്യം ഒരുക്കണമെന്നും അടിയന്തിരമായി പദ്ധതി ഭേദഗതിയ്‌ക്കുള്ള അനിമതി നല്‍കുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകണം.


തിരുവനന്തപുരം
29.11.2015