സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 30-11-2015
കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്‌ടിക്കുന്ന പ്രസ്‌താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ചെയ്യണം.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന മാന്‍ഹോള്‍ ദുരന്തം മനഃസാക്ഷിയുള്ള ആരേയും വേദനിപ്പിക്കുന്ന ഒന്നാണ്. ഓട വൃത്തിയാക്കാന്‍ വേണ്ടി ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ മരണവുമായി മല്ലിടുന്നത് നേരില്‍ കണ്ടപ്പോഴാണ് കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ നൗഷാദ് തന്റെ ജീവനെപ്പോലും തൃണവല്‍ഗണിച്ചു കൊണ്ട് എതിര്‍പ്പുകളെ അവഗണിച്ച് ഓടയിലേക്ക് ഇറങ്ങിയത്. എന്നാല്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം ആ മനുഷ്യ സ്‌നേഹിയുടേയും ജീവന്‍ നഷ്‌ടപ്പെടുകയാണ് ഉണ്ടായത്. കേരളത്തിന്റെ മനഃസാക്ഷിയെ മുഴുവനും ഞെട്ടിച്ചതും എല്ലാം മറന്ന് മനുഷ്യജീവന്‍ രക്ഷിക്കാനിറങ്ങിയ നൗഷാദിന്റെ പ്രവൃത്തിയില്‍ നാടുമുഴുവന്‍ അഭിമാനിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കേണ്ടത് നാടിന്റെ തന്നെ ഉത്തരവാദിത്തമാണ് എന്ന വികാരമാണ് കേരളത്തിലാകെ അലയടിച്ചത്. നൗഷാദിനെ കേരളത്തിന്റെ അഭിമാന പുത്രനായി നാട് ഏറ്റുവാങ്ങുകയും ചെയ്‌തു.
മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ സന്ദേശം തന്റെ ജീവത്യാഗത്തിലൂടെ നാടിന് നല്‍കിയ നൗഷാദിനെ ആദരിക്കുന്നതും കുടുംബത്തിന് സഹായം നല്‍കുന്നതും മുസ്ലീം ആയതു കൊണ്ടാണെന്നും മറ്റുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്‌താവന സാമുദായിക സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കുന്നതിനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണ്. നൗഷാദ് എന്ന മനുഷ്യസ്‌നേഹിയെ അധിക്ഷേപിച്ചു എന്ന് മാത്രമല്ല സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രചാരവേലയും വെള്ളാപ്പള്ളി നടത്തിയിരിക്കുകയാണ്. നഗരങ്ങളിലെ ദുരന്തങ്ങളില്‍ സഹായികളായി ഓടിയെത്തുന്ന തൊഴിലാളികളെ മുഴുവനും അപമാനിക്കുന്ന നടപടി കൂടിയാണ് വെളളാപ്പള്ളി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ മഹത്തായ മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം തകര്‍ക്കുന്നതിന് ആഹ്വാനം ചെയ്‌ത വെള്ളാപ്പള്ളി നടേശനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണം. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് ശ്രമിച്ച പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് എടുത്ത കേസ് പിന്‍വലിച്ച പാരമ്പര്യമാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. സംഘപരിവാറിന്റെ വര്‍ഗീയ നയങ്ങള്‍ക്ക് അരുനില്‍ക്കുന്ന സര്‍ക്കാര്‍ നയം ഇക്കാര്യത്തിലും തുടര്‍ന്നാല്‍ മതനിരപേക്ഷ സംസ്‌കാരം നിലനില്‍ക്കുന്ന കേരള ജനതയുടെ ശക്തമായ പ്രതിഷേധം ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുമെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മ്മിക്കണം.
മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ നല്‍കിയ പങ്ക് വിലമതിക്കാനാവാത്തതാണ്. "പല മതസാരവുമേകം'' എന്ന സന്ദേശമാണ് ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയത്. സര്‍വമത സമ്മേളനം തന്നെ സംഘടിപ്പിച്ചുകൊണ്ട് മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ കാഴ്‌ചപ്പാടാണ് തന്റേതെന്ന് ശ്രീനാരായണഗുരു തന്റെ ജീവിതം കൊണ്ട് തന്നെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കാനാണ് എസ്.എന്‍.ഡി.പി പ്രസ്ഥാനം തന്നെ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ശ്രീനാരായണഗുരു മുന്നോട്ട് വെച്ച കാഴ്‌ചപ്പാടുകളെ ആകമാനം തള്ളിക്കൊണ്ട് വര്‍ഗീയമായ ധ്രുവീകരണം സൃഷ്‌ടിക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ള വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് ആര്‍.എസ്.എസ് പ്രചാരകനായി രംഗത്തിറങ്ങുകയാണ് വേണ്ടത്. ജനാധിപത്യ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന് നേരെ നടത്തിയ ഈ കടന്നാക്രമണത്തിനെതിരെ കേരളീയര്‍ ഒന്നടങ്കം രംഗത്തിറങ്ങണം.
തിരുവനന്തപുരം
30.11.2015