സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണ്ണയവും സ്വകാര്യ കമ്പനിക്ക് പുറം കരാര്‍ നല്‍കിയ ശാസ്‌ത്ര-സാങ്കേതിക സര്‍വ്വകലാശാല അധികൃതരുടെ നടപടി അടിയന്തരമായി പിന്‍വലിക്കണം.
ശാസ്‌ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണ്ണയവും സ്വകാര്യ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അധ്യാപകരെ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി സ്വകാര്യ-സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണ് ഇതിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, 40,000-ത്തില്‍പ്പരം വരുന്ന ബി.ടെക്-എം.ടെക് പരീക്ഷകള്‍ ഇപ്പോള്‍ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. സ്വകാര്യ-സ്വാശ്രയ കോളേജുകളുടെ വിജയശതമാനം കൃത്രിമമാക്കി ഉയര്‍ത്തുവാന്‍ തക്കവണ്ണമുള്ള നടപടികള്‍ക്ക് ഒത്താശ ചെയ്യുന്നതിനാണ് ഇത്തരം ഇടപെടലുകളിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
ഇപ്പോള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി പരീക്ഷാ നടത്തിപ്പാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിരിക്കുന്നത്. അതിന് തന്നെ നിലവിലുള്ള കരാര്‍ പ്രകാരം 25 കോടി രൂപ വരും. സര്‍വകലാശാല പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 100 കോടി രൂപ കമ്പനിക്ക് ലഭിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരീക്ഷയുടെ പേപ്പര്‍ വാല്യുവേഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകര്‍ക്ക് വേറെയും തുക സര്‍വകലാശാല നല്‍കേണ്ടി വരും. ഭീമമായ സാമ്പത്തിക ക്രമക്കേടിനും അരാജകത്വത്തിനുമാണ് ഇത് വഴിതെളിയിക്കുക.
ശാസ്‌ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മേല്‍നോട്ടവും നടത്തുവാനുള്ള നിയമപരമായ സമിതികള്‍ രൂപീകരിക്കാതെ സ്വേച്ഛാധിപത്യപരമായ നിലപാടാണ് സര്‍വ്വകലാശാലാ അധികൃതര്‍ സ്വീകരിക്കുന്നത് എന്ന സ്ഥിതിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് അക്കാദമിക് സമൂഹത്തില്‍നിന്നുള്ള പ്രക്ഷോഭങ്ങള്‍ സിലബസ് രൂപീകരണം മുതലുള്ള വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നതാണ്. എന്നാല്‍ ഉയര്‍ന്നുവരുന്ന ശരിയായ ആവശ്യങ്ങളെ പോലും പരിഗണിച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതിന് സര്‍വകലാശാല അധികൃതര്‍ തയ്യാറാവാത്ത സ്ഥിതിയും നിലനില്‍ക്കുകയാണ്.
സര്‍വ്വകലാശാലയുടെ ഗവേണിംഗ് നിര്‍വ്വാഹകസമിതിയിലും നിയമം അനുശാസിക്കുന്ന രീതിയില്‍ ജനപ്രതിനിധികളെയോ തെരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിനിധികളെയോ ഉള്‍പ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തന്നെ തകര്‍ക്കുന്നവിധത്തിലുള്ള ശാസ്‌ത്ര-സാങ്കേതിക സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനശൈലി അടിയന്തരമായി തിരുത്തണം.