സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 03-12-2015
സോളാര്‍ കമ്മീഷനു മുമ്പാകെ ഉണ്ടായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്‌ക്കണം.
ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ ബിജു രാധാകൃഷ്‌ണന്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്ക് 5.5 കോടി രൂപ കൈക്കൂലിയായി നല്‍കി എന്നും ലാഭവിഹിതത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിക്ക് നല്‍കാമെന്ന കരാറും ഉണ്ടാക്കിയിരുന്നു എന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഒപ്പം, സോളാര്‍ തട്ടിപ്പിന് നേതൃത്വം കൊടുത്ത സരിതയ്‌ക്ക് മുഖ്യമന്ത്രിയുമായി ശാരീരികമായ ബന്ധം ഉള്‍പ്പെടെ ഉണ്ടായിരുന്നു എന്ന കാര്യവും ഇതിലൂടെ പുറത്തു വന്നിരിക്കുകയാണ്. മറ്റു പല മന്ത്രിമാരുടേയും പേരുകളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുണ്ട്. സോളാര്‍ അഴിമതിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ബിജു രാധാകൃഷ്‌ണനില്‍ നിന്നാണ് ഈ മൊഴി ഉണ്ടായത്. മുഖ്യമന്ത്രി നേരിട്ട് പണം കൈപ്പറ്റി എന്ന വസ്‌തുതയാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാത്രമല്ല, സോളാര്‍ തട്ടിപ്പിന് നേതൃത്വം കൊടുത്ത സരിതയുമായി മുഖ്യമന്ത്രിക്കുള്ള ഈ വഴിവിട്ട ബന്ധം കേരളീയരെ ആകെ നാണം കെടുത്തിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നത് കേരളീയര്‍ക്കാകെ അപമാനകരമാണ്.
സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ സംബന്ധിച്ച പല തരത്തിലുള്ള തെളിവുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വമ്പിച്ച പ്രക്ഷോഭം നടന്നത്. അതിന്റെ ഭാഗമായാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ട സ്ഥിതി സര്‍ക്കാരിനുണ്ടായത്. അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആ പ്രഖ്യാപനം കാറ്റില്‍ പറത്തിക്കൊണ്ട് മുഖ്യമന്ത്രിയേയും ഓഫീസിനേയും ഒഴിവാക്കിക്കൊണ്ടുള്ള ടേംസ് ഓഫ് റഫറന്‍സാണ് പ്രഖ്യാപിച്ചത്.
ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ ഇടതുപക്ഷ സംഘടനകള്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയേയും ഓഫീസിനേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതി ഉണ്ടായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള കള്ളക്കളികളാണ് ഈ സംഭവങ്ങളിലൂടെയെല്ലാം വ്യക്തമാകുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന എല്‍.ഡി.എഫിന്റെ ആവശ്യം അക്ഷരം പ്രതി ശരിയായിരുന്നു എന്ന കാര്യമാണ് ഈ പുതിയ വെളിപ്പെടുത്തല്‍ അടിവരയിടുന്നത്.
തിരുവനന്തപുരം
03.12.2015