തമിഴ്‌നാട്ടിലെ പ്രളയ കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സി.പി.ഐ (എം) പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.
നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അടുത്ത കാലത്തൊന്നും ഉണ്ടാവാത്ത രീതിയിലുള്ള കടുത്ത പേമാരിയാണ് ഉണ്ടായിട്ടുള്ളത്. ഈ പേമാരിയില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി പേര്‍ ബുദ്ധിമുട്ടുകയാണ്. തലസ്ഥാനനഗരിയായ ചെന്നൈ വെള്ളത്തിനടിയിലാവുകയും ചെയ്‌തു. വമ്പിച്ച നാശനഷ്‌ടമാണ് തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ജനതയെ സഹായിക്കേണ്ട ഉത്തരവാദിത്തം കേരള ജനതയ്‌ക്കുമുണ്ട്. കേരളത്തിന്റെ അയല്‍ സംസ്ഥാനം മാത്രമല്ല കേരളവുമായി ഏറെ ഇടപഴകി നില്‍ക്കുന്ന ജനത കൂടിയാണ് തമിഴ്‌നാട്ടിലുള്ളത്. നിരവധി മലയാളി കുടുംബങ്ങളും തമിഴ്‌നാട്ടില്‍ സ്ഥിരതാമസക്കാരായി അവിടെയുള്ളതും ഇത്തരത്തിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
ദുരിതത്തില്‍ ആണ്ടുനില്‍ക്കുന്ന അയല്‍ സംസ്ഥാനത്തെ ജനതയെ സഹായിക്കാന്‍ കേരളത്തിലെ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഇതിനായി ഡിസംബര്‍ 9-ാം തീയതി സംസ്ഥാന വ്യാപകമായി ഹുണ്ടിക പിരിവ് സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) ന്റെ എല്ലാ ഘടകങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. വര്‍ഗ-ബഹുജനസംഘടനാ പ്രവര്‍ത്തകരും ഈ പ്രവര്‍ത്തനത്തെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. അന്നേദിവസം വീടുകളിലും തൊഴില്‍ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും എല്ലാം കയറി ഹുണ്ടിക പിരിവ് നടത്തി ഈ പരിപാടി വമ്പിച്ച വിജയമാക്കണം.
തിരുവനന്തപുരം
05.12.2015