സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 16-12-2015

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തില്‍ നടത്തിയ പ്രസംഗം കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളെ അറിയാതെയുള്ള ജല്‍പനങ്ങള്‍ മാത്രമായിരുന്നു.


കേരളത്തില്‍ സംഘപരിവാറിനെതിരെ കടുത്ത ആക്രമണം നടക്കുന്നുവെന്നുള്ള പ്രസ്‌താവനയാണ്‌ നരേന്ദ്രമോഡി നടത്തിയിട്ടുള്ളത്‌. എന്നാല്‍ കേരളത്തിലെ അക്രമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌ ആര്‍.എസ്‌.എസ്‌ ആണെന്നതാണ്‌ യാഥാര്‍ത്ഥ്യം. 220-ഓളം സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ ആര്‍.എസ്‌.എസിന്റെ കൊലക്കത്തിക്ക്‌ ഇരയായി കേരളത്തില്‍ ജീവത്യാഗം ചെയ്യേണ്ടിവന്നത്‌. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത്‌ തന്നെ 17 സി.പി.ഐ (എം) പ്രവര്‍ത്തകരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ കൊലപ്പെടുത്തിയത്‌. രാഷ്‌ട്രപിതാവ്‌ ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം പോലും ബലിദാന്‍ ദിനമായി ആചരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ വക്താവാണ്‌ അക്രമത്തെ കുറിച്ച്‌ കേരള ജനതയെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ന്യൂനപക്ഷങ്ങളേയും ദളിതരേയും മതേതരവാദികളേയും കൊന്നൊടുക്കുന്ന പദ്ധതികള്‍ രാജ്യത്താകമാനം നടപ്പിലാക്കുന്ന സംഘപരിവാര്‍ വക്താവായ മോഡിയാണ്‌ ഇവിടെ സമാധാനത്തിന്റെ അപ്പോസ്‌തലനായി പ്രത്യക്ഷപ്പെട്ടത്‌. മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ രാജ്യത്തെ ആകമാനം ലജ്ജിപ്പിച്ച ന്യൂനപക്ഷ വേട്ട അരങ്ങേറിയത്‌. അതിന്റെ രക്തക്കറ കൈകളില്‍ പുരണ്ട മോഡിയുടെ സമാധാനത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയും. ഫരീദാബാദില്‍ രണ്ട്‌ പിഞ്ചു ദളിത്‌ കുട്ടികളെ ചുട്ടുകൊന്നപ്പോള്‍ പട്ടികളോട്‌ ഉപമിച്ച കേന്ദ്രമന്ത്രിയെ ഇപ്പോഴും സംരക്ഷിക്കുകയാണ്‌ മോഡി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉള്‍പ്പെടെ ബോധപൂര്‍വ്വം സംഘടിപ്പിച്ച വര്‍ഗീയ കലാപങ്ങള്‍ സൃഷ്‌ടിച്ച ചോരപ്പുഴയിലൂടെയാണ്‌ നരേന്ദ്രമോഡി അധികാരത്തിലെത്തിയത്‌ എന്നതും രാജ്യത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അറിയാവുന്നതാണ്‌. 

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന്‌ പഠിപ്പിച്ച ശ്രീനാരായണ ദര്‍ശനത്തെ വര്‍ഗീയമായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ്‌ പ്രധാനമന്ത്രി നടത്തിയത്‌. ശ്രീനാരായണഗുരു ദര്‍ശനങ്ങളെ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന കേരള ജനതയുടെ മുമ്പില്‍ ഇത്തരം പൊറാട്ടു നാടകങ്ങളൊന്നും ഏശാന്‍ പോകുന്നില്ല. കോണ്‍ഗ്രസുകാരനായ വല്ലഭായ്‌ പട്ടേലിനെ റാഞ്ചിയെടുക്കാന്‍ സംഘപരിവാര്‍ നടത്തിയ ഇടപെടലിന്റെ നാണിപ്പിക്കുന്ന മറ്റൊരു മുഖമാണ്‌ പ്രധാനമന്ത്രി ഇവിടെ കാണിച്ച നാടകങ്ങള്‍. ആര്‍.ശങ്കര്‍ എന്ന കോണ്‍ഗ്രസുകാരനേയും തങ്ങളുടേതാക്കി റാഞ്ചിയെടുക്കാനാണ്‌ നരേന്ദ്രമോഡി ശ്രമിച്ചത്‌. രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ്‌ ഇത്‌. ചരിത്രത്തെ തെറ്റായി അവതരിപ്പിച്ച്‌ തങ്ങള്‍ക്കനുകൂലമായി അവതരിപ്പിക്കുന്ന ആര്‍.എസ്‌.എസ്‌ തന്ത്രമാണ്‌ മോഡി ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രിയെ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന്‌ മാറ്റിനിര്‍ത്തിയ വെള്ളാപ്പള്ളിയുടെ നടപടി ആ ചടങ്ങ്‌ ആര്‍.എസ്‌.എസ്‌ പ്രചരണവേദിയാക്കാനായിരുന്നു എന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ ആര്‍.എസ്‌.എസിനെതിരെ ഒരു വാക്കുപോലും സംസാരിച്ചില്ല. വെള്ളാപ്പള്ളി-ഉമ്മന്‍ചാണ്ടി ഒത്തുകളിയായിരുന്നു ചടങ്ങില്‍നിന്ന്‌ മാറ്റിനിര്‍ത്തിയതെന്ന്‌ മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ വ്യക്തമായിരിക്കുകയാണ്‌. ഉമ്മന്‍ചാണ്ടി ആര്‍.എസ്‌.എസിനെതിരെ ഒരിക്കല്‍പോലും പ്രതികരിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയാണ്‌. നിര്‍ബന്ധിത മതപരിവര്‍ത്തനം 'ഘര്‍വാപസി' ആര്‍.എസ്‌.എസ്‌ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടും ഒരു കേസ്‌ പോലും രജിസ്റ്റര്‍ ചെയ്യാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായില്ല. വര്‍ഗീയ വികാരം സൃഷ്‌ടിക്കുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഐ.പി.സി 153 അനുസരിച്ച്‌ കേസ്‌ എടുത്ത വെള്ളാപ്പള്ളിക്കെതിരെ തുടര്‍നടപടി ഉണ്ടായില്ല. മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പുകേസിലെ പ്രതിയായ വെള്ളാപ്പള്ളിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നില്ല. ഇത്‌ വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ ഒത്തുകളിയുടെ ഫലമാണ്‌. തൊഗാഡിയയ്‌ക്കെതിരെ ചാര്‍ജ്ജ്‌ ചെയ്‌ത ഐ.പി.സി 153 പ്രകാരമുള്ള കേസുകള്‍ പിന്‍വലിച്ചതുപോലെ ഈ കേസുകളും ഉമ്മന്‍ചാണ്ടി മരവിപ്പിച്ചിരിക്കുകയാണ്‌. നരേന്ദ്രമോഡിയുടെ പിന്തുണ ലഭിച്ച വെള്ളാപ്പള്ളി ഉമ്മന്‍ചാണ്ടിയും ആര്‍.എസ്‌.എസും തമ്മിലുള്ള ബന്ധം രൂപപ്പെടുത്താനുള്ള അണിയറ നീക്കത്തിലാണ്‌ ഏര്‍പ്പെട്ടിട്ടുള്ളത്‌. ഇതുകൊണ്ടാണ്‌ ഉമ്മന്‍ചാണ്ടി പരിപാടിയില്‍നിന്ന്‌ തന്നെ മാറ്റിനിര്‍ത്താന്‍ നിര്‍ദ്ദേശിച്ച ആര്‍.എസ്‌.എസിനെതിരെ മൗനം പാലിക്കുന്നത്‌.

കേരളത്തിന്റെ ഒരു പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയില്ലെന്ന്‌ മാത്രമല്ല നിലനില്‍ക്കുന്ന മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്‌ സമ്മാനിച്ചത്‌. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലുള്ള ഇടപെടലിന്‌ പകരം ആര്‍.എസ്‌.എസിന്റെ പ്രചാരകന്‍ എന്ന നിലയ്‌ക്കുള്ള പ്രസ്‌താവനകളും പ്രവൃത്തികളുമാണ്‌ നരേന്ദ്രമോഡി കേരളത്തില്‍ നടത്തിയത്.

തിരുവനന്തപുരം
16.12.2015