സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന - 17-12-2015
പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 1.17 രൂപയുമാണ് എക്‌സൈസ് തീരുവ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏഴുതവണയാണ് പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടിയിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.45 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 19.36 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നത്. 3.65 രൂപയുണ്ടായിരുന്ന ഡീസലിന്റെ എക്‌സൈസ് തീരുവ 11.83 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം മാത്രം 30,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക.
രാജ്യാന്തര വിപണയില്‍ പെട്രോളിന്റെ വില വന്‍തോതില്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2010 ജനുവരിയില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക് 85 ഡോളറായിരുന്നു. അന്ന് ഒരു ലിറ്റര്‍ ഡീസലിന് 37.75 രൂപയും പെട്രോളിന് 55.87 രൂപയുമായിരുന്നു.
ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 35 ഡോളറായി. ഇപ്പോള്‍ ഡീസല്‍ 46.99 രൂപയും പെട്രോളിന് 59.98 രൂപയും എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ ഡീസല്‍ വില 50.59 രൂപയും പെട്രോളിന്റെ വില 64.74 രൂപയുമാണ്. റിലയന്‍സ്, ടാറ്റ, എസ്സാര്‍, കെയ്‌ണ്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭം കുന്നുകൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നയം സ്വീകരിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ വിലകുറയുന്ന സാഹചര്യം ഉണ്ടായാല്‍ രൂക്ഷമായ വിലക്കയറ്റം ഉള്‍പ്പെടെ തടയാമെന്നിരിക്കെ അതൊന്നും പരിഗണിക്കാതെ മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
തിരുവനന്തപുരം
17.12.2015