സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന- 23.12.2015

 

റബ്ബറിന്റെ സീസണായിരിക്കുന്ന ഈ ഘട്ടത്തില്‍ റബ്ബര്‍ വില കിലോയ്‌ക്ക്‌ 90 രൂപയില്‍ എത്തിനില്‍ക്കുകയാണ്‌. 250 രൂപയോളം വിലയുണ്ടായിരുന്ന സ്ഥാനത്താണ്‌ ഇത്തരമൊരു വിലയിടിവുണ്ടായിട്ടുള്ളത്‌. ഇതിന്റെ ഫലമായി റബ്ബര്‍ കര്‍ഷകര്‍ റബ്ബര്‍ വെട്ടുന്ന സ്ഥിതി തന്നെ ഇല്ലാതായിരിക്കുകയാണ്‌. ഇതു കാരണം മലയോരമേഖലയിലെ ജനജീവിതം തന്നെ സ്‌തംഭിച്ചിരിക്കുകയാണ്‌. വിവിധ ബാങ്കുകളില്‍നിന്ന്‌ വായ്‌പ ഉള്‍പ്പെടെ വാങ്ങിക്കൊണ്ടാണ്‌ കര്‍ഷകന്‍ കൃഷി ഇറക്കിയിരിക്കുന്നത്‌. സീസണ്‍ ഘട്ടത്തില്‍ പോലും അത്‌ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്‌. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ്‌ സംജാതമായിരിക്കുന്നത്‌.

ആസിയാന്‍ കരാര്‍ ഒപ്പിടുന്ന ഘട്ടത്തില്‍ തന്നെ ഇതിന്റെ ഫലമായി റബ്ബറിന്‌ ഉള്‍പ്പെടെ വന്‍ വിലയിടിവുണ്ടാകുമെന്ന്‌ പാര്‍ടി നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ തന്നെ വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക്‌ കേരളം സാക്ഷ്യം വഹിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ഇതിന്റെ ആപത്തിനെ സംബന്ധിച്ച്‌ പറഞ്ഞപ്പോള്‍ പരിഹസിച്ചു നടന്നവര്‍ക്ക്‌ ഇപ്പോള്‍ എന്താണ്‌ പറയാനുള്ളത്‌ എന്നറിയാന്‍ കേരളീയര്‍ക്ക്‌ താല്‍പ്പര്യമുണ്ടാകും. ചില വ്യവസായ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്‌ റബ്ബര്‍ കര്‍ഷകനെ കുത്തുപാള എടുപ്പിക്കുന്ന നയം തുടരുന്നത്‌. ഇറക്കുമതി നയം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാകുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ വിവിധ പാക്കേജുകള്‍ നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപിക്കുകയല്ലാതെ അതുകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ ഒരു ഗുണവും ഉണ്ടായില്ലെന്ന്‌ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. 300 കോടി രൂപയുടെ സഹായ പാക്കേജ്‌ നടപ്പിലാക്കുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും 50 കോടി രൂപ മാത്രമാണ്‌ ഇതുവരെ വിതരണം ചെയ്‌തത്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ച 150 രൂപ നിരക്കില്‍ കര്‍ഷകരുടെ കൈയ്യില്‍ കെട്ടിക്കിടക്കുന്ന റബ്ബര്‍ സംഭരിക്കാന്‍ തന്നെ 3500 കോടി രൂപ വേണമെന്നിരിക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്‌തമാണ്‌. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ നട്ടൊല്ലൊടിക്കുന്ന ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌. 200 രൂപയെങ്കിലും ഒരു കിലോയ്‌ക്ക്‌ ലഭിക്കാവുന്ന വിധം റബ്ബറിന്‌ താങ്ങുവില പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായും തയ്യാറാകണം. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം.

കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട വിളയായ നാളികേരവും പ്രതിസന്ധിയിലാണ്‌. നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കര്‍ഷ സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന്‌ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണം.

പെട്രോളിയം വിലയിടിവിന്റെ കാര്യത്തിലും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ പെട്രോളിന്റെ വില അടുത്ത കാലത്തൊന്നും ഇല്ലാത്തവിധം വന്‍തോതില്‍ ഇടിഞ്ഞിരിക്കുകയാണ്‌. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക്‌ നല്‍കുന്നതിനു പകരം വന്‍തോതില്‍ നികുതി ചുമത്തിക്കൊണ്ടും ജനങ്ങള്‍ക്ക്‌ ലഭ്യമാവേണ്ട അര്‍ഹമായ വിലക്കുറവ്‌ നല്‍കാതെയും ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌.

പെട്രോളിന്‌ ലിറ്ററിന്‌ 30 പൈസയും ഡീസലിന്‌ ലിറ്ററിന്‌ 1.17 രൂപയുമാണ്‌ എക്‌സൈസ്‌ തീരുവ ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏഴുതവണയാണ്‌ പെട്രോള്‍-ഡീസല്‍ തീരുവ കൂട്ടിയിരിക്കുന്നത്‌. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ്‌ തീരുവ 9.45 രൂപയായിരുന്നു. അതാണ്‌ ഇപ്പോള്‍ 19.36 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നത്‌. 3.65 രൂപയുണ്ടായിരുന്ന ഡീസലിന്റെ എക്‌സൈസ്‌ തീരുവ 11.83 രൂപയായും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌.

2010 ജനുവരിയില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക്‌ 85 ഡോളറായിരുന്നു. അന്ന്‌ ഒരു ലിറ്റര്‍ ഡീസലിന്‌ 37.75 രൂപയും പെട്രോളിന്‌ 55.87 രൂപയുമായിരുന്നു. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക്‌ 35 ഡോളറായി. ഇപ്പോള്‍ ഡീസല്‍ 46.99 രൂപയും പെട്രോളിന്‌ 59.98 രൂപയും എന്ന നിലയിലേക്ക്‌ എത്തിയിരിക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്ക്‌ വന്‍ ലാഭം കൊയ്യാനാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്‌.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ വില കുറയ്‌ക്കാതെ ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ നയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ മറ്റു ഘടകകക്ഷികളുമായി ആലോചിച്ചുകൊണ്ട്‌ ഇക്കാര്യത്തില്‍ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ പാര്‍ടി നേതൃത്വം നല്‍കും.

__സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌