സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 29-1-2016

 സോളാര്‍ അഴിമതിക്കേസില്‍ കൈക്കൂലി വാങ്ങി എന്ന കാര്യം വ്യക്തമായി പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉടന്‍ രാജിവയ്‌ക്കണം. സോളാര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്കുള്ള പങ്ക്‌ പ്രതിപക്ഷം നേരത്തെ തന്നെ പുറത്തു കൊണ്ടുവന്നതാണ്‌. സരിത എസ്‌. നായരും ശ്രീധരന്‍നായരും ഉമ്മന്‍ചാണ്ടിയെ ഓഫീസില്‍വച്ച്‌ നേരിട്ട്‌ കണ്ടു എന്ന കാര്യം ഉയര്‍ന്നുവന്നപ്പോള്‍ അതിനെ നിഷേധിക്കാനാണ്‌ ഉമ്മന്‍ചാണ്ടി തയ്യാറായത്‌. സരിതയെ പരിചയമില്ലെന്നും നേരിട്ട്‌ കണ്ടിട്ടില്ലെന്ന തരത്തിലുള്ള വാദങ്ങളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരത്തിയിരുന്നത്‌. എന്നാല്‍, അവരെ പരിചയമുണ്ടെന്നും നേരിട്ട്‌ കണ്ടിട്ടുണ്ടാകും എന്നുള്ള കാര്യവും അംഗീകരിക്കുവാന്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മുഖ്യമന്ത്രി നിര്‍ബന്ധിതമാകുന്ന സ്ഥിതിയാണ്‌ ഉണ്ടായത്‌. സോളാര്‍ അഴിമതിക്കേസില്‍ രണ്ടുതവണയായി ഒരു കോടി 90 ലക്ഷം രൂപ കൈക്കൂലിയായി മുഖ്യമന്ത്രിക്കുവേണ്ടി കൈപ്പറ്റി എന്ന വസ്‌തുതയും കമ്മീഷനു മുമ്പാകെ പുറത്തുവന്നിരിക്കുകയാണ്‌. മുഖ്യമന്ത്രിക്കു പുറമെ, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും രണ്ടു തവണയായി 40 ലക്ഷം രൂപ കൈപ്പറ്റി എന്ന യാഥാര്‍ത്ഥ്യവും കമ്മീഷനു മുമ്പാകെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. സോളാര്‍ കമ്മീഷനു മുമ്പാകെയും മാധ്യമങ്ങളോടും സരിത. എസ്‌. നായര്‍ വെളിപ്പെടുത്തിയ വസ്‌തുതകള്‍ നേരത്തെ തന്നെ പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതായിരുന്നു. വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കാണിച്ചിട്ടുള്ള കള്ളക്കളികളാണ്‌ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്‌. സോളാര്‍ കമ്പനിക്ക്‌ വഴിവിട്ട്‌ യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ല എന്ന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്‌. എന്നാല്‍, യു.ഡി.എഫിന്റെ ബഡ്‌ജറ്റില്‍ തന്നെ സോളാര്‍ കമ്പനിക്ക്‌ അനുകൂലമായ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു എന്നത്‌ ഇപ്പോള്‍ വെളിച്ചത്തുവന്നിട്ടുണ്ട്‌. മുഖ്യമന്ത്രിയുമായുള്ള ബന്ധവും സര്‍ക്കാരിന്റെ മേല്‍വിലാസവും ഉപയോഗിച്ചാണ്‌ സരിത പലരില്‍നിന്നും പണം സമാഹരിച്ചത്‌. എമര്‍ജിംഗ്‌ കേരളയില്‍ ടീം സോളാറിനെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി കത്ത്‌ നല്‍കി. കേന്ദ്ര പാരമ്പര്യ ഊര്‍ജ്ജ വകുപ്പിന്റെ എം.പാനിലില്‍ ഉള്‍പ്പെടുത്താന്‍ ടീം സോളാര്‍ കമ്പനിയെ ശുപാര്‍ശ ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്‌ കത്ത്‌ നല്‍കി. പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിച്ച്‌ മാര്‍ക്കറ്റിംഗ്‌ നടത്തി. ഒരു ഭരണകക്ഷി എം.എല്‍.എ സോളാര്‍ കമ്പനിക്കുവേണ്ടി നല്‍കിയ ശുപാര്‍ശ കത്തില്‍ മുഖ്യമന്ത്രിയുടെ പേര്‌ തന്നെയാണ്‌ അക്കാലത്ത്‌ ഉപയോഗിച്ചിട്ടുള്ളത്‌ എന്നത്‌ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാനമായ സൂചനയാണ്‌. അനെര്‍ട്ടില്‍നിന്ന്‌ 35 ലക്ഷം രൂപയുടെ ആനുകൂല്യം സോളാര്‍ കമ്പനിക്ക്‌ ലഭിച്ചിട്ടുണ്ട്‌ എന്നും സരിത. എസ്‌. നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ താല്‍പ്പര്യപ്രകാരം സൗരോര്‍ജ്ജരംഗത്ത്‌ പുതിയ കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങുന്നതിനുള്ള ഉത്തരവാദിത്വം സരിതയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക്‌ ഏല്‍പ്പിക്കുകയും ചെയ്‌തു എന്ന കാര്യവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്‌. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ നയാപൈസ പോലും വഴിവിട്ട്‌ സഹായിച്ചിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദങ്ങളാണ്‌ ഇവിടെ പൊളിഞ്ഞുവീഴുന്നത്‌. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന്‌ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ തന്നെ ജനങ്ങളെ തട്ടിപ്പുകാര്‍ക്ക്‌ എറിഞ്ഞുകൊടുക്കാന്‍ നേതൃത്വം നല്‍കിയ തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. തങ്ങള്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല എന്ന്‌ പ്രചരിപ്പിക്കുകയാണ്‌ മുഖ്യമന്ത്രി. എന്നാല്‍, സരിത എസ്‌. നായര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുമ്പാകെ ഹാജരാകുന്നതിന്‌ മുമ്പ്‌ മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്‌. കോടതിക്കു മുമ്പാകെ കള്ളമൊഴി നല്‍കുന്നതിനും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ ഹീനമായ ഇടപെടലാണ്‌ ഇത്‌ എന്നും വ്യക്തമായിരിക്കുകയാണ്‌. ഈ പ്രശ്‌നത്തില്‍ യാഥാര്‍ത്ഥ്യം പുറത്തുവരുന്നതിനെ ഉമ്മന്‍ചാണ്ടിയും കൂട്ടരും എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവ്‌ കൂടിയാണ്‌ ഇത്‌. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.ഐ (എം) 10 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്ന്‌ 2014-ല്‍ സരിത ഒരു വാരികയില്‍ പറഞ്ഞതായി മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്‌. സി.പി.ഐ (എം) അന്നുതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണ്‌. 2011-ല്‍ രണ്ടുപേരുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന യു.ഡി.എഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു കുതിരക്കച്ചവടത്തിനും എല്‍.ഡി.എഫ്‌ തയ്യാറായിട്ടില്ല. അത്തരം ഹീനമായ നടപടിയിലൂടെ ഭരണമാറ്റം വേണ്ട എന്ന ഉറച്ച നിലപാടാണ്‌ ഞങ്ങള്‍ എന്നും സ്വീകരിച്ചത്‌. സെല്‍വരാജിനെ ചാക്കിട്ടു പിടിച്ചതും ആര്‍.എസ്‌.പിയെ എം.പി സ്ഥാനവാഗ്‌ദാനം നല്‍കി ചൂണ്ടയിട്ട്‌ പിടിച്ചതും ഉമ്മന്‍ചാണ്ടിയാണ്‌. രണ്ടുലക്ഷം രൂപ വണ്ടിച്ചെക്ക്‌ നല്‍കി സര്‍ക്കാരിനെ പറ്റിച്ച ആള്‍ എങ്ങനെ തനിക്ക്‌ കോടികള്‍ തരും ഈ ചോദ്യം ഉന്നയിക്കുന്ന മുഖ്യമന്ത്രി കേരളത്തിന്‌ അറിയേണ്ട ഒരു ഉത്തരമുണ്ട്‌. രണ്ടുലക്ഷം രൂപയുടെ വണ്ടിച്ചെക്ക്‌ നല്‍കിയ തട്ടിപ്പിന്‌ എന്തുകൊണ്ട്‌ ഇതുവരെ സര്‍ക്കാര്‍ വഞ്ചനാകുറ്റത്തിന്‌ കേസ്‌ എടുത്തില്ല? ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇതിനകം ഈ പ്രതി ജയിലിലാകുമായിരുന്നല്ലോ? എന്തേ സരിതയുമായി ഇങ്ങനെയൊരു ബന്ധമുണ്ടാകാന്‍ കാരണമെന്നും വ്യക്തമാക്കേണ്ടതുണ്ട്‌. സരിത ഉള്‍പ്പെട്ട 33 സോളാര്‍ തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്റ്റാഫ്‌ അടക്കം പ്രതിപട്ടികയില്‍ വന്നിട്ടുമുണ്ട്‌. എന്നിട്ടുമെന്തേ ഈ കോഴക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്താതെപോയി. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകള്‍ എന്തുകൊണ്ടാണ്‌ രജിസ്റ്റര്‍ ചെയ്യാതെ പോയത്‌. ഈ ചോദ്യങ്ങള്‍ക്കാണ്‌ ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടത്‌. സരിതയുമായി ദീര്‍ഘകാല ചങ്ങാത്തം ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അവര്‍ പറയുന്നത്‌ ആര്‌ വിശ്വസിക്കുമെന്ന്‌ പറയുന്നത്‌ കുട്ടിക്കരണമാണ്‌. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലും വീട്ടിലും പൊതുപരിപാടികളിലും എല്ലാം സരിതയ്‌ക്ക്‌ മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന ലഭിച്ചിരുന്നു എന്നത്‌ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയല്ലാതെ മറ്റെന്താണ്‌? കേരള ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവഗതികളാണ്‌ സംസ്ഥാനത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. സംസ്ഥാന മുഖ്യമന്ത്രിയാണ്‌ അഴിമതി അന്വേഷിക്കുന്ന കമ്മീഷന്‌ മുമ്പാകെ 14 മണിക്കൂര്‍ ഹാജരായി മൊഴി നല്‍കേണ്ടിവന്നു എന്നതും അത്യപൂര്‍വ്വമായ ഒരു സംഭവമാണ്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കളിച്ച കള്ളക്കളികളുടെ പൊരുള്‍ എന്താണെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്‌. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധമായില്ല. വ്യക്തമായ തെളിവുകള്‍ മുന്നോട്ടുവച്ചിട്ടും നിയമസഭയില്‍ പല പ്രാവശ്യം ഇക്കാര്യം ഉന്നയിച്ചിട്ടും അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ്‌ കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ പാരമ്പര്യം സംരക്ഷിക്കുന്നതിനായി വമ്പിച്ച പ്രക്ഷോഭത്തിന്‌ കേരളം സാക്ഷ്യം വഹിച്ചത്‌. 
പ്രക്ഷോഭത്തിന്റെ ഫലമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ ഘട്ടത്തില്‍ തന്നെയും തന്റെ ഓഫീസിനേയും മാറ്റിനിര്‍ത്തുന്ന തരത്തില്‍ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ തയ്യാറാക്കുന്ന കുതന്ത്രമാണ്‌ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്‌. എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ ഉണ്ടായ ശക്തമായ വാദങ്ങളെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയേയും ഓഫീസിനേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്‌. സ്വതന്ത്രമായ അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നത്‌ പലതും മറച്ചുവയ്‌ക്കാനായിരുന്നു എന്ന കാര്യമാണ്‌ ഇപ്പോഴത്തെ സംഭവഗതികളിലൂടെ പുറത്തുവന്നത്‌. ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയ സെക്രട്ടേറിയറ്റ്‌ വളയല്‍ സമരത്തിലൂടെ എന്ത്‌ നേടി എന്ന്‌ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ്‌ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിനിടയില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വസ്‌തുതകള്‍. തൃശൂര്‍ വിജിലന്‍സ്‌ കോടതി മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും എക്‌സൈസ്‌മന്ത്രിക്കും എതിരായി എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കേസ്സെടുക്കണമെന്ന ഉത്തരവ്‌ പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍, ഇതിനെതിരെ ഹൈക്കോടതി സ്റ്റേ ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌. എന്നാല്‍ വിധി റദ്ദ്‌ ചെയ്‌തിട്ടില്ല. ബാര്‍ കോഴക്കേസില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു രാജിവച്ചത്‌. ആ ധാര്‍മ്മികത മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും കാര്യത്തിലെല്ലാം നിലനില്‍ക്കുന്നുണ്ട്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. എന്നിട്ടും സ്റ്റേ ഉയര്‍ത്തിക്കാണിച്ച്‌ മന്ത്രിസ്ഥാനത്ത്‌ അള്ളിപ്പിടിച്ചിരിക്കാനാണ്‌ മുഖ്യമന്ത്രിയും കൂട്ടുപ്രതികളായ മന്ത്രിമാരും പരിശ്രമിക്കുന്നത്‌. കേരളത്തിന്റെ മഹത്തായ രാഷ്‌ട്രീയ സംസ്‌കാരത്തെ തകര്‍ക്കുന്ന നടപടികളാണ്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

അഴിമതി ഭരണവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭമാണ്‌ സംസ്ഥാനത്തുടനീളം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്‌. ഇത്തരത്തിലുള്ള ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. സെക്രട്ടേറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി സ്വരാജ്‌ ഉള്‍പ്പെടെ നിരവധി നേതാക്കളെ ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയമാക്കിയിരിക്കുകയാണ്‌. ഗ്രനേഡ്‌ പ്രയോഗം, ലാത്തിച്ചാര്‍ജ്ജ്‌, ടിയര്‍ ഗ്യാസ്‌, വെള്ളം ചീറ്റല്‍, പെപ്പര്‍ സ്‌പ്രേ എന്നിവയിലൂടെ സമരത്തെ നേരിടാമെന്നാണ്‌ സര്‍ക്കാര്‍ കരുതുന്നത്‌.  കോവളത്ത്‌ ആഗോള വിദ്യാഭ്യാസ സംഗമം നടത്തി കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം കോര്‍പ്പറേറ്റുകള്‍ക്ക്‌ ഏല്‍പ്പിക്കുന്ന നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ നിഷ്‌ഠൂരമായ അക്രമത്തിലൂടെയാണ്‌ പോലീസ്‌ നേരിട്ടത്‌. എസ്‌.എഫ്‌.ഐയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയിലായി. നാടിന്റെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ നടത്തുന്ന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുവാനുള്ള ശ്രമമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയും അഴിമതി മന്ത്രിമാരും രാജിവയ്‌ക്കണമെന്ന കേരള ജനതയുടെ ഇച്ഛ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വമ്പിച്ച പ്രക്ഷോഭങ്ങള്‍ വരുംദിനങ്ങളിലും ഉയര്‍ന്നുവരും. ഇത്തരം പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ പരിശ്രമം കേരള ജനത ചെറുത്തുതോല്‍പ്പിക്കുകതന്നെ ചെയ്യും.