വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യം പ്രായോഗികമാക്കാന്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാകണം.
കാര്‍ഷികമേഖല ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനുള്ള സാമൂഹ്യമായ ഇടപെടല്‍ വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഈ വസ്‌തുതകളെയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ജനകീയ ജൈവപച്ചക്കറി ക്യാമ്പയിന്‍ ശക്തമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വിഷകീടനാശിനികളുടെയും തെറ്റായ കൃഷിരീതികളുടേയും ഫലമായി ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ജനങ്ങളെയാകെ അണിനിരത്തുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വന്നില്ലെങ്കില്‍ കേരളം പട്ടിണിയിലാകുന്നു എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ അവസ്ഥ മറികടന്നുകൊണ്ട് നമ്മുടെ സമ്പദ്‌ഘടനയേയും ആരോഗ്യത്തേയും സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനവും കൂടിയാണ് ഈ ക്യാമ്പയിനിലൂടെ പാര്‍ടി വിഭാവനം ചെയ്യുന്നത്.
വാണിജ്യാടിസ്ഥാനത്തില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളും പഴങ്ങളും വന്‍തോതില്‍ രാസകീടനാശിനികള്‍ ഉപയോഗിച്ച് ഉല്‌പാദിപ്പിക്കുന്നവയാണ്. ഇത്തരം വിഷവസ്‌തുക്കള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 2014 നവംബറില്‍ കര്‍ഷകര്‍, കര്‍ഷകഗ്രൂപ്പുകള്‍, സഹകരണ പ്രസ്ഥാനം, ബഹുജനസംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ആരംഭിച്ച ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി 2015 ലെ വിഷുവിന് സംസ്ഥാനത്താകെ 289 ജൈവപച്ചക്കറി വിപണികള്‍ ആരംഭിക്കുന്നതിന് സാധിച്ചു. കഴിഞ്ഞ ഓണക്കാലത്ത് പാര്‍ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ 2800 ഏക്കറില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുന്നതിനും ഏകദേശം 15000 ടണ്‍ ജൈവപച്ചക്കറി ഉല്‌പാദിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഓണക്കാലത്ത് 850 ജനകീയ ജൈവപച്ചക്കറി വിപണികളാണ് പ്രവര്‍ത്തിച്ചത്. പൊതുസമൂഹത്തില്‍ നിന്നും ക്യാമ്പയിന് ലഭിച്ച സ്വീകാര്യതയും മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യവും ആവേശം നല്‍കുന്നതാണ്.
വിഷുക്കാല വിപണി ലക്ഷ്യമിട്ട് വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണ്. ഓണക്കാലത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വായ്‌പ ലഭ്യമാക്കുന്നതിനും വിപണി ഒരുക്കുന്നതിലും സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈ എടുക്കാവുന്നതാണ്.
കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ നാഴികക്കല്ലായി ജനകീയ ജൈവപച്ചക്കറി കൃഷി കാമ്പയിന്‍ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് അനുഭവം. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യത്തിന്റെ പ്രായോഗികരൂപം നല്‍കണമെങ്കില്‍ ഇപ്പോള്‍ നടക്കേണ്ട നടീല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ സംഘടിപ്പിക്കണം. അതിനായുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.