കെ.എസ്‌.ആര്‍.ടിസി ക്ക്‌ നല്‍കിയിരുന്ന ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.

 

തിരുവനന്തപുരം
20.01.2013

ഡീസല്‍ സബ്‌സിഡി മന്‍മോഹന്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുംവരെ കെ.എസ്‌.ആര്‍.ടിസിയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുകയും കെ.എസ്‌.ആര്‍.ടി.സിയെ വന്‍കിട ഉപഭോക്താക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഡീസലിന്‌ വലിയ വില ഈടാക്കാന്‍ എണ്ണക്കമ്പനികളെ അധികാരപ്പെടുത്തുകയും ചെയ്‌ത കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനങ്ങളെ ദ്രോഹിക്കുന്നതും പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുന്നതുമാണ്‌. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ജയ്‌പൂരില്‍ നടക്കുന്നതിന്‌ മധ്യേയാണ്‌ ഈ ദ്രോഹനടപടിയുണ്ടായത്‌. ഇതില്‍ പ്രതിഷേധിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കെ.എസ്‌.ആര്‍.ടി.സിയെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ ഒരു കത്തെഴുതിയതുകൊണ്ടുമാത്രം സംസ്ഥാന സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്വവും അവസാനിക്കുന്നില്ല.

കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഇതുവരെ അനുവദിച്ചിരുന്ന സബ്‌സിഡി, വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പെടുത്തി ഇല്ലാതാക്കിയതോടെ ഒരു ലിറ്റര്‍ ഡീസലിന്‌ 11.53 രൂപയാണ്‌ അധികമായി നല്‍കേണ്ടത്‌. മാസം 65 കോടി രൂപയോളം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ അടച്ചുപൂട്ടാന്‍ ഇത്‌ ഇടയാക്കും. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രതിവര്‍ഷം 1000 പുതിയ ബസുകള്‍ നിരത്തിലിറക്കി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനെ ശക്തിപ്പെടുത്തിയെങ്കില്‍ കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷത്തെ യുഡിഎഫ്‌ ഭരണം കോര്‍പ്പറേഷനെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്‌. ഇതിനു പിന്നാലെയാണ്‌ ഡീസല്‍ വിലവര്‍ധനയുടെ ആഘാതം. ഇതു കാരണം ദിവസം 5300 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന കോര്‍പ്പറേഷന്‍ നഷ്ടത്തിലോടുന്ന ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ നിറുത്തലാക്കാന്‍ പോകുകയാണ്‌. പൊതു ഗതാഗതസംവിധാനം തകര്‍ക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ നയത്തില്‍ അതിശക്തമായ പ്രതിഷേധം എല്ലാ വിഭാഗം ജനങ്ങളും ഉയര്‍ത്തണം. കേന്ദ്രനയം കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കെ.എസ്‌.ആര്‍.ടി.സിയെ രക്ഷിക്കേണ്ടത്‌, അതില്‍ പണിയെടുക്കുന്ന 40,000 ജീവനക്കാരുടെയും 35,000 പെന്‍ഷന്‍കാരുടെയും മാത്രമല്ല, മുഴുവന്‍ കേരളീയരുടെയാകെ താല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമാണ്‌. ഡീസല്‍ വിലവര്‍ധനയുടെ ആഘാതത്തില്‍നിന്നും കെ.എസ്‌.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ ഇരട്ട ബാധ്യതയുണ്ടെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി.

* * *