സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 10-2-2016

മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ട പാര്‍ടിയാണ്‌ സി.പി.ഐ (എം) എന്ന എ.കെ. ആന്റണിയുടെ പ്രതികരണം അദ്ദേഹത്തിന്റെ സ്ഥാനത്തിന്‌ യോജിച്ചതല്ല.

ആന്റണി ഇത്രയേറെ തരംതാഴുമെന്ന്‌ അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ക്കുപോലും വിശ്വസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്‌ ഈ പ്രതികരണം ഉണ്ടാക്കിയിരിക്കുന്നത്‌. സി.പി.ഐ (എം) ന്റെ പിന്തുണയോടുകൂടിയായിരുന്നു 2004-ല്‍ എ.കെ. ആന്റണി കേന്ദ്രത്തില്‍ പ്രതിരോധമന്ത്രിയായത്‌ എന്ന കാര്യം മറന്നുപോകരുത്‌. 1981-ല്‍ എല്‍.ഡി.എഫ്‌ വിട്ട്‌ പുറത്തുപോകുമ്പോള്‍ നൂറുകൊല്ലക്കാലത്തേക്ക്‌ ഒരു മാര്‍ക്‌സിസ്റ്റുകാരനും കേരളത്തില്‍ മുഖ്യമന്ത്രിയാകില്ലെന്ന പ്രസ്‌താവനയായിരുന്നു നടത്തിയത്‌. 1987-ല്‍ സി.പി.ഐ (എം) നേതാവ്‌ ഇ.കെ. നായനാരെ മുഖ്യമന്ത്രിസ്ഥാനത്ത്‌ അവരോധിച്ചുകൊണ്ടായിരുന്നു ആന്റണിക്ക്‌ കേരള ജനത മറുപടി നല്‍കിയത്‌.

പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ്‌ സ്ഥാനം പോലും ഇല്ലാത്ത രീതിയില്‍ ജനപിന്തുണ നഷ്‌ടപ്പെട്ട കോണ്‍ഗ്രസ്സിനെയാണ്‌ മ്യൂസിയത്തില്‍ സ്ഥാപിക്കേണ്ടത്‌ എന്ന്‌ ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞുവെന്നത്‌ ആന്റണി ഓര്‍ക്കണം. കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്ക്‌ അനുകൂലമായി പ്രചാരവേല ചെയ്യുമ്പോള്‍ ആന്റണി ഇതിനുവേണ്ടി രാഹുല്‍ഗാന്ധിയേയും രംഗത്തിറക്കിയിരിക്കുകയാണ്‌. ഇതേ ആന്റണിയാണ്‌ കേരളത്തില്‍ എന്ത്‌ നടക്കണമെങ്കിലും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ്‌ എന്ന്‌ മാസങ്ങള്‍ക്കുമുമ്പ്‌ പ്രസ്‌താവിച്ചത്‌. ഉദ്യോഗസ്ഥ നിയമനം, സ്ഥലംമാറ്റം, ലൈസന്‍സ്‌ ലഭിക്കല്‍ - ഇതിനെല്ലാം കൈക്കൂലി കൊടുക്കേണ്ടിവരുന്നു എന്നും ആന്റണി പറയുകയുണ്ടായി. 30 ശതമാനം വീടുകള്‍ ബാറുകളായി മാറി എന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്ന്‌ എല്‍.ഡി.എഫ്‌ കാലത്തെ പോലെ സഹകരണം ലഭിക്കുന്നില്ല എന്നും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച ആളാണ്‌ എ.കെ. ആന്റണി . സ്വന്തം ഗ്രൂപ്പുകാരനായ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ എല്ലാം മറന്ന്‌ രംഗത്തിറങ്ങി അദ്ദേഹം ഇപ്പോള്‍ സ്വയം പരിഹാസ്യനായിരിക്കുകയാണ്‌.

കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ, വികസനം മുരടിപ്പിച്ച സര്‍ക്കാരാണ്‌ ഉമ്മന്‍ചാണ്ടിയുടേത്‌ എന്ന്‌ അറിയാവുന്ന ജനങ്ങളാണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ 87 അസംബ്ലി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നല്‍കിയത്‌. ഇതോടുകൂടി ഹാലിളകിയ കോണ്‍ഗ്രസ്‌ നേതൃത്വം എല്‍.ഡി.എഫിനെതിരെ ആരംഭിച്ച പ്രചാരവേലകള്‍ ഇപ്പോള്‍ കേന്ദ്ര കോണ്‍ഗ്രസ്‌ നേതൃത്വവും ഏറ്റെടുത്തിരിക്കുകയാണ്‌. അഴിമതിയുടെ കണികപോലും ഉണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന രാഹുല്‍ഗാന്ധി എടുത്ത നിലപാടാണ്‌ കോണ്‍ഗ്രസ്സിന്റേതെങ്കില്‍ ഒരു നിമിഷംപോലും വൈകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാളെ തെരഞ്ഞെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ്‌ വേണ്ടത്‌.

പാമോയില്‍, സോളാര്‍, ബാര്‍, ടൈറ്റാനിയം തുടങ്ങിയ അഴിമതികളുടെ പ്രഭവകേന്ദ്രം ഉമ്മന്‍ചാണ്ടിയാണ്‌. മുഖ്യമന്ത്രിസ്ഥാനം ഉപയോഗിച്ചാണ്‌ ഈ അഴിമതിക്കേസുകളില്‍നിന്ന്‌ ഉമ്മന്‍ചാണ്ടി കോടതി നടപടിക്ക്‌ വിധേയനാകാതെ ഒഴിഞ്ഞുമാറിനടക്കുന്നത്‌. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്കുവേണ്ടി പരസ്യ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ കേരളത്തില്‍ വന്ന രാഹുല്‍ഗാന്ധിയുടെ അഴിമതി വിരുദ്ധ നിലപാടിനെ ആരും മുഖവിലയ്‌ക്കെടുക്കാന്‍ പോകുന്നില്ല.

യു.പി.എ ഭരണകാലത്ത്‌ നടന്ന 2-ജി സ്‌പെക്‌ട്രം, കല്‍ക്കരി കുംഭകോണം എന്നിവയിലൂടെ കോടിക്കണക്കിന്‌ രൂപയുടെ അഴിമതിയില്‍ പങ്കാളിയായ കേന്ദ്ര കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന്‌ ഇത്തരം പ്രസ്‌താവന ചെയ്‌താല്‍ ആരെങ്കിലും വിശ്വസിക്കുമോ? നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ കോടതി നടപടിക്ക്‌ വിധേയനായിക്കൊണ്ടിരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഈ മേനിപറച്ചില്‍ കോണ്‍ഗ്രസ്സുകാര്‍ പോലും വിശ്വസിക്കില്ല. തെരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ കടുത്ത സി.പി.ഐ (എം) വിരുദ്ധ പ്രചാരവേലയ്‌ക്കുവേണ്ടി പതിവുപോലെ ആന്റണി രംഗത്തിറങ്ങിയിരിക്കുകയാണ്.