സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 12.02.2016

തെരഞ്ഞെടുപ്പ്‌ ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റാണ്‌ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്.

ബജറ്റ്‌ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ തന്നെ അത്‌ ചോര്‍ന്ന സ്ഥിതിയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇക്കാര്യത്തിലുള്ള രഹസ്യസ്വഭാവം പോലും സൂക്ഷിക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ സംവിധാനം കുത്തഴിഞ്ഞിരിക്കുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കേരള സമ്പദ്‌ഘടന പാപ്പരായിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്‌ ബജറ്റ്‌ രേഖകളില്‍ നിന്ന്‌ ലഭിക്കുന്നത്‌. കേരള സമ്പദ്‌ഘടനയുടെ വളര്‍ച്ച അഖിലേന്ത്യാ ശരാശരിയേക്കാള്‍ പിറകിലേക്ക്‌ ആയിരിക്കുകയാണ്‌. അടിസ്ഥാന മേഖലകളായ കാര്‍ഷിക-വ്യാവസായിക മേഖലകളും തകര്‍ന്നിരിക്കുകയാണ്‌. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന്‌ ബജറ്റ്‌ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റാണ്‌ ഇത്‌. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത്‌ തുടക്കം കുറിച്ച പദ്ധതികളുടെ അവകാശവാദമാണ്‌ ഈ ബജറ്റില്‍ യു.ഡി.എഫ്‌ മുന്നോട്ട്‌ വെച്ചിട്ടുള്ളത്. 

പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ഏറെ പിറകിലാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബജറ്റില്‍ ഏറെ വാഗ്‌ദാനങ്ങള്‍ വാരിക്കോരി നല്‍കിയ പ്രതീതിയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവ നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുള്ള വഴികള്‍ ബജറ്റിലില്ല. കണക്കുകളാവട്ടെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയുമല്ല. വാഗ്‌ദാനങ്ങള്‍ നല്‍കുകയും അവ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത്‌ യു.ഡി.എഫിന്റെ എക്കാലത്തേയും തന്ത്രമാണ്‌. കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നടപ്പിലാക്കപ്പെട്ടിട്ടില്ല. അഞ്ചുവര്‍ഷക്കാലം ബജറ്റിലും നയപ്രഖ്യാപന പ്രസംഗത്തിലും പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാതെ രണ്ടരമാസം കൊണ്ട്‌ ഇതൊക്കെ നടപ്പിലാക്കുമെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

അഞ്ചുവര്‍ഷക്കാലത്തോളം അധികാരത്തിലിരുന്നിട്ട്‌ ക്ഷേമപെന്‍ഷനുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാരാണ്‌ യു.ഡി.എഫിന്റേത്‌. വിലക്കയറ്റം അതിന്റെ എല്ലാ സീമകളേയും ലംഘിച്ച്‌ മുന്നേറുകയാണ്‌. എന്നാല്‍ അവ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളൊന്നും തന്നെ ബജറ്റില്‍ ഇല്ല. 

റബ്ബറിന്റേയും നാളികേരത്തിന്റേയും വിലയിടിവ്‌ തടയാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ്‌ പ്രഖ്യാപനം. ഇത്തരം നിരവധി പ്രഖ്യാപനങ്ങള്‍ നിയമസഭയില്‍ പല തവണ ധനകാര്യമന്ത്രി തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌ എന്നതാണ്‌ വസ്‌തുത. എന്നാല്‍ അവയൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. യു.ഡി.എഫിന്റെ പ്രകടനപത്രികയിലും വാഗ്‌ദാനങ്ങള്‍ നിരവധിയുണ്ടായിരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ അവ എത്രത്തോളം നടപ്പിലാക്കി എന്ന്‌ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്‌ യു.ഡി.എഫിന്റെ വാഗ്‌ദാനലംഘനങ്ങള്‍. അഞ്ചുവര്‍ഷം ഭരിച്ച്‌ കേരളത്തിന്റെ സമ്പദ്‌ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കിയതിന്റെ തെളിവ്‌ കൂടിയാണ്‌ ബജറ്റ്‌ രേഖകള്‍.