കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തള്ളാന്‍ ഇടയായത്‌ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്‌

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തള്ളാന്‍ ഇടയായത്‌ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട്‌ മൂലമാണ്.

മാധവ്‌ ഗാഡ്‌ഗില്‍-കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികളുടെ തുടര്‍ച്ചയായാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ തള്ളപ്പെടുന്ന സാഹചര്യം ഉണ്ടായത്‌. 2014-ല്‍ ഉമ്മന്‍.വി.ഉമ്മന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ സാങ്കേതികമായ പിഴവുകളും അവയില്‍ നിന്നും ആരംഭിച്ച തിരിച്ചടികളും ഇപ്പോഴും തുടരുകയാണ്‌. കേരളം നല്‍കിയ റിപ്പോര്‍ട്ടിലെ സാങ്കേതികമായ പിഴവുകളെ സംബന്ധിച്ച്‌ ഇടത്‌ എം.പിമാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ അത്തരം മുന്നറിയിപ്പുകളൊന്നും ചെവികൊള്ളാതെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേര്‌ പറഞ്ഞ്‌ മലയോര ജനതയെ വഞ്ചിക്കുന്ന നടപടിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്‌. 

ഭാഗികമായ ഇ.എസ്‌.എയും ഇടകലര്‍ന്ന ഇ.എസ്‌.എയും മാനദണ്ഡങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടുള്ളതാണ്‌. ഇത്തരം തെറ്റുകള്‍ തിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ നല്‍കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതുകൊണ്ടാണ്‌ ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായിട്ടുള്ളത്‌. ഒരു വില്ലേജിനുള്ളില്‍ തന്നെ ഇ.എസ്‌.എയും നോണ്‍ ഇ.എസ്‌.എയും പാടില്ലെന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്‌ അറിയാവുന്നതാണ്‌. എന്നിട്ടും അത്‌ പാലിക്കാതെ റിപ്പോര്‍ട്ട്‌ നല്‍കിയതിലൂടെ കര്‍ഷക ജനതയെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്‌. വനാതിര്‍ത്തികള്‍ വില്ലേജ്‌ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിച്ച ശേഷം കൃത്യമായ ഭൂപടവും റിപ്പോര്‍ട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ ഇന്ന്‌ അനുഭവിക്കുന്ന പ്രശ്‌നത്തിന്‌ ഒരു വലിയ അളവില്‍ പരിഹാരം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട്‌ തയ്യാറാക്കി നല്‍കിയാല്‍ കൃഷിയും ജനവാസ കേന്ദ്രങ്ങളും ടൗണ്‍ഷിപ്പുകളും പരിസ്ഥിതി പട്ടികയില്‍ നിന്ന്‌ ഒഴിവാക്കാമെന്ന്‌ പാര്‍ലമെന്റില്‍ തന്നെ ഇടുക്കി എം.പി ജോയ്‌സ്‌ ജോര്‍ജ്ജിന്‌ ഉറപ്പ്‌ ലഭിച്ചതാണ്‌. ഈ സാഹചര്യം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കാരണം ഇപ്പോള്‍ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്‌ ഉള്ളത്‌. 

ശരിയായ രീതിയില്‍ ഇടപെട്ടാല്‍ നേട്ടമുണ്ടാകും എന്നതിന്റെ തെളിവാണ്‌ ഗോവയില്‍ ഇ.എസ്‌.എ പരിധിക്കകത്ത്‌ 119 വില്ലേജുകള്‍ ഉണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ 19 എണ്ണമാക്കി മാറ്റാന്‍ കഴിഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ കൃത്യമായി കാര്യങ്ങള്‍ ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മാറ്റമുണ്ടായത്‌. കേരളത്തിലാവട്ടെ നേരത്തെ പ്രഖ്യാപിച്ച 119 വില്ലേജുകള്‍ ഇ.എസ്‌.എയായി തന്നെ ഇപ്പോഴും തുടരുന്ന സ്ഥിതി ഉണ്ടായത്‌ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്‌. ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്ന വിധം ഇടപെടാന്‍ സര്‍ക്കാര്‍ അടിയന്തരമായും തയ്യാറാവണം. 

പശ്ചിമഘട്ടസംരക്ഷണത്തിനായി ജനങ്ങളെ ഉള്‍പ്പെടെ അണിനിരത്തി കൊണ്ട്‌ മുന്നോട്ട്‌ പോകുന്നതിന്‌ പകരം അവരുമായി യുദ്ധ പ്രഖ്യാപനം നടത്തി കൊണ്ടുള്ള സര്‍ക്കാര്‍ നീക്കം പരിസ്ഥിതി സംരക്ഷണത്തെ തന്നെ തകിടം മറിക്കും.