ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലെ തവണക്കടവ് ബ്രാഞ്ചംഗമായ ഷിബുവിനെ ആര്‍.എസ്.എസ്-ക്രിമിനല്‍ സംഘം അക്രമിച്ച് കൊലപ്പെടുത്തിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
ആര്‍.എസ്.എസ്-ക്രിമിനല്‍ സംഘത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനാണ് ഷിബുവിനെ അക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഷിബുവിനെ ലാക്കാക്കി വീട് കയറി ആക്രമണം നടത്തുകയായിരുന്നു. ആ സമയം ഷിബുവിനെ കിട്ടാത്തതിനാല്‍ വൃദ്ധയായ മാതാവിനേയും ഭാര്യയേയും മാരകമായി ആക്രമിച്ചു. അതിനുശേഷം വീട് വിട്ടിറങ്ങിയ സംഘം ഷിബുവിനെ കണ്ടെത്തി വളഞ്ഞിട്ട് മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്‌ഠൂരമായി അക്രമിച്ചു. രണ്ടു ദിവസമായി മരണത്തോട് മല്ലിട്ട ഷിബു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
യു.ഡി.എഫ് അധികാരത്തില്‍ വന്നതിന് ശേഷം 26 സി.പി.ഐ (എം) പ്രവര്‍ത്തകരാണ് സംസ്ഥാനത്തെമ്പാടും കൊല ചെയ്യപ്പെട്ടത്. ഇതില്‍ ആര്‍.എസ്.എസിന്റെ അക്രമത്തില്‍ 16 സി.പി.ഐ (എം) പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. ഇതിന് പുറമെ കാസര്‍ഗോഡ് എട്ടുവയസുകാരന്‍ ഫഹദിനേയും കാവിസംഘം വെട്ടിക്കൊന്നു. കേന്ദ്രത്തിലെ മോഡി ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ ആര്‍.എസ്.എസ് അഴിഞ്ഞാടുകയും കൊലപാതക രാഷ്‌ട്രീയം തുടരുകയുമാണ്. ഇതിന് സമ്പൂര്‍ണ്ണ പിന്തുണ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കുകയാണ്. അഴിഞ്ഞാടുന്ന ആര്‍.എസ്.എസ് ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ മടിക്കുകയാണ്. ഈ ഭരണങ്ങളുടെ തണലില്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കാവിസംഘം കവര്‍ന്നെടുത്തിരിക്കുകയാണ്.
യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. പോലീസ് യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഷിബുവിന്റെ ജീവന്‍ നഷ്‌ടപ്പെടുമായിരുന്നില്ല. തിരുവനന്തപുരത്ത് വക്കത്ത് പട്ടാപ്പകല്‍ ഒരു യുവാവിനെ പരസ്യമായി തല്ലികൊന്നത് കേരളം കണ്ടതാണ്. ആര്‍.എസ്.എസുകാര്‍ പ്രതികളായ കേസുകളോട് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സ്വീകരിക്കുന്ന സമീപനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ മൃദുസമീപനമാണ് ആര്‍.എസ്.എസുകാര്‍ക്ക് ഇത്തരം അക്രമം സംഘടിപ്പിക്കാന്‍ ധൈര്യം നല്‍കുന്നത്. ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയാത്തത് ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണ മൂലമാണ്. ഷിബുവിന്റെ കൊലയാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. കൊലപാതകം ആസൂത്രണം ചെയ്‌ത ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ ഗൂഢാലോചനയ്‌ക്ക് കേസെടുക്കണം.