സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 24.02.2016

കുടുംബശ്രീയുടെ നിലവിലെ ലോഗോ ബി.ജെ.പിയുടെ ചിഹ്നമായ താമരയാക്കി മാറ്റിയതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. സ്‌ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായി ലോകപ്രശസ്‌തി നേടിയ കുടുംബശ്രീയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ്‌ ഇതിലൂടെ നടത്തിയത്‌. പഞ്ചായത്ത്‌ ദിനാഘോഷ ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഈ ലോഗോ പ്രകാശനം ചെയ്‌തത്‌. ജനമനസ്സില്‍ പതിഞ്ഞുകഴിഞ്ഞ നിലവിലെ ലോഗോ എന്തുകൊണ്ട്‌ മാറ്റുന്നു എന്നതിന്‌ യുക്തിസഹമായ കാരണം അധികൃതര്‍ ഇതുവരെയും നല്‍കിയിട്ടില്ല. മന്ത്രി എം.കെ. മുനീറിന്റെ കീഴിലാണ്‌ കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തിക്കുന്നത്‌. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ മാറ്റം വരുത്തിയത്‌ എന്ന്‌ വ്യക്തമാണ്‌. രാജ്യത്താകമാനം അസംഹിഷ്‌ണുത സൃഷ്‌ടിച്ച്‌ ഹിന്ദുത്വ അജണ്ട എല്ലാ മേഖലയിലും അടിച്ചേല്‍പ്പിക്കുന്ന ആര്‍.എസ്‌.എസിനും സംഘപരിവാറിനും അരുനില്‍ക്കുന്ന സമീപനമാണ്‌ കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ ഈ സംഭവത്തിലൂടെ വ്യക്തമാകുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ്‌ സര്‍ക്കാരിനെതിരെ കടുത്ത ജനവികാരം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ ആര്‍.എസ്‌.എസിനെ പ്രീണിപ്പിച്ച്‌ വോട്ട്‌ നേടാനുള്ള ശ്രമമാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്നത്‌.

കുടുംബശ്രീയുടെ മനോഹരമായ പഴയ ലോഗോ പിന്‍വലിച്ച്‌ താമരപ്പൂവിനെ പ്രതിഷ്‌ഠിച്ചത്‌ അത്യന്തം പ്രതിഷേധാര്‍ഹമായ നടപടിയാണ്‌. പഴയ ലോഗോ ഉപയോഗിച്ചാണ്‌ കുടുംബശ്രീ 25000ല്‍പ്പരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്‌. ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ച പഴയ ലോഗോ പുനഃസ്ഥാപിച്ച്‌ ബി.ജെ.പി ചിഹ്നമായ താമര പിന്‍വലിക്കണം.