കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വെ ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ്. പുതിയ പദ്ധതികളോ പുതിയ ട്രെയിനുകളോ ഇല്ലെന്നു മാത്രമല്ല, മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പണം നീക്കിവെച്ചിട്ടുമില്ല. ബജറ്റില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ അതിനുശേഷം അടിക്കടി ഓരോ വിഭാഗത്തിനുമുള്ള നിരക്ക് വര്‍ധിപ്പിക്കുകയാണ് റെയില്‍വെ ചെയ്‌തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചില്ല എന്ന അവകാശവാദത്തില്‍ ഒട്ടും കഴമ്പില്ല.
മുന്‍ റെയില്‍വെ ബജറ്റുകളില്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്‌ടറി, ചേര്‍ത്തലയിലെ വാഗണ്‍ ഫാക്‌ടറി, തിരുവനന്തപുരത്തെ റെയില്‍വെ മെഡിക്കല്‍ കോളേജ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്‌റ്റേഷനുകളുടെ ആധുനികവല്‍ക്കരണം എന്നിവക്കൊന്നും പണം നീക്കിവെച്ചില്ല. പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്ത പാലക്കാട്-പൊള്ളാച്ചി പാതയിലൂടെ പുതിയ ട്രെയിന്‍ സര്‍വീസുകളില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പാതയിലൂടെ പുതിയ ട്രെയിന്‍ സര്‍വീസുകളില്ല. തിരുവനന്തപുരം കേന്ദ്രമാക്കി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനമല്ലാതെ ഇതിന് പണം നീക്കിവെച്ചിട്ടില്ല.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ റെയില്‍വെ വികസന കാര്യത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. അവരെ നിശ്ശബ്‌ദരാക്കുംവിധം കടുത്ത അവഗണനയാണ് ബജറ്റില്‍ കേരളത്തോട് കാട്ടിയിരിക്കുന്നത്.കേരളത്തിനുള്ള ബജറ്റ് വിഹിതത്തില്‍ 57 കോടി രൂപയുടെ കുറവ് വരുത്തി. ശബരി പാതക്കായി നീക്കിവെച്ച 40 കോടി രൂപയില്‍ വലിയൊരു ഭാഗം പുറമേനിന്ന് കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റെയില്‍വെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നതാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനങ്ങള്‍ പങ്കുവഹിച്ചാല്‍ മാത്രം റെയില്‍വെ വികസനം എന്നതാണ് നയം. ലാഭം കൊയ്യാന്‍ കഴിയുന്ന മേഖലകളില്‍ മാത്രം സ്വകാര്യമേഖലക്ക് പങ്കാളിത്തം അനുവദിക്കുന്നു. പൊതു ഗതാഗതസംവിധാനത്തിനായി സര്‍ക്കാര്‍ വഹിക്കേണ്ട പങ്കില്‍നിന്ന് ക്രമേണ പിന്‍വാങ്ങുകയാണ്.
കാന്‍സലേഷന്‍ ചാര്‍ജ് വന്‍തോതില്‍ വര്‍ധിപ്പിച്ചതു സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. പ്രീമിയം ട്രെയിനുകള്‍, പ്രീമിയം തത്‌കാല്‍ എന്നിവ കൊണ്ടുവന്ന് യാത്രക്കാരെ കൊള്ളയടിക്കുന്ന നയം തുടരുകയാണ്. റെയില്‍വെയെ സാധാരണ ജനങ്ങളില്‍ നിന്ന് അകറ്റുന്ന നയത്തിന്റെ പ്രതിഫലനമാണ് ബജറ്റില്‍ കാണുന്നത്.