മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുവെയ്‌ക്കാനുള്ള സംഘപരിവാറിന്റെ മൃഗീയ നീക്കത്തിന് തെളിവാണ് ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ നടത്തുന്ന കൊലവിളിയും അസഭ്യവര്‍ഷവും.
ജെ.എന്‍.യു വിഷയത്തില്‍ ചാനല്‍ ചര്‍ച്ച സ്വതന്ത്രമായി അവതരിപ്പിച്ചതിനാണ് സിന്ധുവിന് നേരെ സംഘപരിവാറിന്റെ വധഭീഷണിയും സംസ്‌കാര ശൂന്യമായ ആക്ഷേപങ്ങളും. ടെലഫോണ്‍, മൊബൈല്‍ ഫോണ്‍, ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് എന്നിവ പരസ്യപ്പെടുത്തി ഇവളെ വെറുതെ വിടാന്‍ പാടില്ല എന്ന് സംഘപരിവാര്‍ പരസ്യമായി ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഇതിന്റെ ഫലമായി അവരുടെ ബ്ലോഗുകളിലൂടെയും അനുയായികളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയും മാധ്യമ പ്രവര്‍ത്തകയുടെ ജീവനുനേരെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ രാജ്യസഭയില്‍ നടന്ന സംവാദത്തെ ആസ്‌പദമാക്കി ചാനല്‍ ചര്‍ച്ച നിയന്ത്രിച്ച സിന്ധു ബി.ജെ.പി പ്രതിനിധി ഉദ്ധരിച്ച ദുര്‍ഗ്ഗാദേവിയെപ്പറ്റിയുള്ള പരാമര്‍ശം ഓര്‍മ്മപ്പെടുത്തി ചര്‍ച്ചയില്‍ ഇടപെട്ടിരുന്നു. ഇതിന്റെ പേരില്‍ ദുര്‍ഗ്ഗാദേവിയെ അധിക്ഷേപിച്ചു എന്ന അടിസ്ഥാനരഹിതമായ ആക്ഷേപം പരത്തി മാധ്യമ പ്രവര്‍ത്തകയെ സംഘപരിവാര്‍ വേട്ടയാടുകയാണ്.
സംഘപരിവാറിനെ തുറന്ന് അനുകൂലിക്കാത്ത മാധ്യമപ്രവര്‍ത്തകരെ പോലും വേട്ടയാടുമെന്ന ആപല്‍ക്കരമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ജെ.എന്‍.യുവിലെ പുരോഗമനവാദികളായ വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരാക്കുന്നതിന് മോദി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം മോര്‍ഫ് ചെയ്‌ത തെളിവുകള്‍ സൃഷ്‌ടിച്ച ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരുടെ പാതയിലൂടെ സഞ്ചരിച്ചില്ലെങ്കില്‍ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കും എന്ന താക്കീതാണ് സംഘപരിവാര്‍ കേരളത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. പാട്യാല കോടതിയില്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാത്രമല്ല പത്രപ്രവര്‍ത്തകരേയും കറുത്ത കോട്ടിട്ട സംഘികള്‍ അക്രമിച്ച അതിഭീകരകാഴ്‌ചയുടെ മറ്റൊരു പതിപ്പാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. കുറ്റക്കാരായ കാവിസംഘത്തിനെതിരെ അതിശക്തമായ നിയമനടപടി സംസ്ഥാന പോലീസ് സ്വീകരിക്കണം. വധഭീഷണി നടത്തിയവരെ അറസ്റ്റ് ചെയ്യാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അമാന്തിക്കരുത്.