സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന 29.02.2016

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിച്ച ബഡ്‌ജറ്റില്‍ കേരളത്തോട്‌ കടുത്ത അവഗണനയാണ്‌ കാണിച്ചത്.

കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്‍ യു.പി.എ സര്‍ക്കാര്‍ കാണിച്ച അതേ അവഗണന തന്നെയാണ്‌ കേരളത്തോട്‌ ബി.ജെ.പി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്‌. റെയില്‍വേ ബഡ്‌ജറ്റില്‍ കേരളത്തിന്‌ പൂര്‍ണ്ണ അവഗണനയായിരുന്നു. അതിനു പുറകെയാണ്‌ പൊതു ബഡ്‌ജറ്റിലും കേരളത്തെ അവഗണിച്ചത്‌. റബ്ബര്‍ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും വിലസ്ഥിരതാ ഫണ്ട്‌വേണമെന്നുമുള്ള ആവശ്യങ്ങള്‍ ബഡ്‌ജറ്റ്‌ പ്രഖ്യാപനത്തിലില്ല. തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‌ പദ്ധതിയില്ല. കൃഷിക്കാരുടെ വായ്‌പാ പലിശയിളവിന്‌ നീക്കിവച്ച തുക തന്നെ തീരെ അപര്യാപ്‌തമാണ്‌. തൊഴില്‍ നഷ്‌ടപ്പെട്ട്‌ തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന്‌ പാക്കേജ്‌ വേണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യവും അവഗണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്‌ പദ്ധതി ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു എങ്കിലും ബഡ്‌ജറ്റ്‌ ഇതിനോട്‌ മൗനം പാലിച്ചു.

കേരളത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യങ്ങളായ ഐ.ഐ.ടി, ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയ സ്ഥാപനങ്ങളൊന്നും അനുവദിച്ചിട്ടില്ല. പരോക്ഷനികുതിയിലൂടെ 20,670 കോടി രൂപയുടെ അധികഭാരമാണ്‌ സാധാരണക്കാരുടെ തലയില്‍ കെട്ടിവച്ചത്‌. പാചകവാതക സബ്‌സിഡി പരിമിതപ്പെടുത്താനുള്ള നീക്കം ബഡ്‌ജറ്റ്‌ പ്രസംഗത്തില്‍നിന്നും വ്യക്തമാണ്‌. യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ആധാര്‍ കാര്‍ഡിനെ എതിര്‍ത്ത ബി.ജെ.പി, ഇപ്പോള്‍ ആധാര്‍ കാര്‍ഡ്‌ വ്യാപകമാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ക്രൂഡോയില്‍ വില 110 ഡോളറില്‍നിന്ന്‌ 27 ഡോളറായി കുറഞ്ഞിട്ടും അതിന്റെ നേട്ടം സാധാരണ ജനങ്ങള്‍ക്ക്‌ പങ്കുവച്ചിട്ടില്ല. ജനോപകാരപ്രദമായ ഒരു പദ്ധതിയും ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.