വന്യമൃഗസങ്കേതങ്ങള്‍ക്ക്‌ ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ നിര്‍ണയിക്കുന്നതിന്‌, ഭരണകക്ഷിക്കാരേയും ഉദ്യോഗസ്ഥന്മാരേയും മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

വന്യമൃഗസങ്കേതങ്ങള്‍ക്ക്‌ ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ നിര്‍ണയിക്കുന്നതിന്‌, ഭരണകക്ഷിക്കാരേയും ഉദ്യോഗസ്ഥന്മാരേയും മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്‌. ഏകപക്ഷീയമായി രൂപീകരിച്ച ഈ കമ്മിറ്റികളുമായി സഹകരിക്കേണ്ടതില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു.
വന്യമൃഗസങ്കേതങ്ങളുടേയും വനമേഖലയുടേയും സംരക്ഷണം, ഏതെങ്കിലും ഒരു രാഷ്‌ട്രീയ ചേരിയുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ മുഴുവന്‍ രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകളേയും യോജിപ്പിച്ച്‌ നടത്തേണ്ടതാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന അസംബ്ലിയില്‍ പകുതിക്കടുത്ത അംഗസംഖ്യ പ്രതിനിധീകരിക്കുന്ന എല്‍.ഡി.എഫിനേയും യു.ഡി.എഫ്‌ അല്ലാത്ത മറ്റ്‌ കക്ഷികളേയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറ്റി നിര്‍ത്തുന്നത്‌ ഒരു നിലയിലും ന്യായീകരിക്കാനാവാത്തതാണ്‌.

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തെ ജനങ്ങളില്‍ ഉയര്‍ന്നുവന്ന ആശങ്കകളും പരിഭ്രാന്തിയും കണക്കിലെടുത്ത്‌, അത്‌ സംബന്ധിച്ച്‌ യോജിച്ച നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന നിയമസഭയ്‌ക്ക്‌ സാധിച്ചു. കോടിയേരി ബാലകൃഷ്‌ണന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്ന്‌ സഭയില്‍ ചര്‍ച്ച നടത്തിയശേഷം ഏകകണ്‌ഠമായിട്ടാണ്‌ ഇത്‌ സംബന്ധിച്ച പ്രമേയം പാസാക്കിയത്‌.

ഗാഡ്‌ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ സംബന്ധിച്ച്‌ ഉയര്‍ന്നുവന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്‌തൂരി രംഗന്‍ കമ്മിറ്റി മുമ്പാകെയും, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്‌ട്രീയ പാര്‍ടികള്‍ ഒരേ നിലപാടാണ്‌ സ്വീകരിച്ചത്‌. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഒഴിച്ചുനിര്‍ത്തി ഒരു കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണ്‌.

സംസ്ഥാനത്തെ വനം-വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, ഫലപ്രദമായ നടപടികളാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. സംസ്ഥാനത്തിന്റെ 28.8 ശതമാനം ഇപ്പോള്‍ വനഭൂമിയാണ്‌. ദേശീയ ശരാശരി 19.8 ശതമാനം മാത്രമാണ്‌. വനം കയ്യേറ്റങ്ങള്‍ കര്‍ശനമായി തടയുക മാത്രമല്ല, 2008ൽ നിയമസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണത്തില്‍ എല്‍.ഡി.എഫിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രഖ്യാപനമാണ്‌. ഈ വസ്‌തുതകളൊന്നും കാണാതെ, പാരിസ്ഥിതിക സംവേദക മേഖലകള്‍ നിര്‍ണ്ണയിക്കാന്‍, യു.ഡി.എഫുകാരെ മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച നടപടി ഉടന്‍ റദ്ദാക്കണം. ഏകപക്ഷീയമായ ഈ കമ്മിറ്റിയുടെ സന്ദര്‍ശനദിവസം വയനാട്‌ ജില്ലയിലെ ജനങ്ങള്‍ പ്രതിഷേധദിനം ആചരിക്കുന്നുവെന്നത്‌ ഈ കമ്മിറ്റിയുടെ പ്രസക്തിയും വിശ്വാസ്യതയും നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. വനം-വന്യജീവി സംരക്ഷണം യു.ഡി.എഫിന്റെ രാഷ്‌ട്രീയക്കളിക്ക്‌ വിനിയോഗിക്കുന്ന നിലപാട്‌ ഉപേക്ഷിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
21.01.2013



* * *